രാജി സമർപ്പിക്കാനായി വിധാൻ സൗധയിൽ എംഎൽഎമാർ എത്തും മുൻപേ സ്പീക്കർ രാജി വാങ്ങാതെ ഓഫീസിൽ നിന്ന് പോയി. ഇതോടെ ഗവർണറെ കാണാൻ പോവുകയാണ് എംഎൽഎമാർ. വീണ്ടും കണക്കിലെ കളികളിലേക്ക് കർണാടക രാഷ്ട്രീയം നീങ്ങുമ്പോൾ, കക്ഷി നില കാണാം, ചിത്രങ്ങളിലൂടെ. 

ബെംഗളൂരു: കർണാടക സഖ്യസർക്കാരിന്‍റെ തലയ്ക്ക് മുകളിൽ വീണ്ടും ഡെമോക്ലിസിന്‍റെ വാൾ തൂങ്ങിക്കിടക്കുകയാണ്. 14 എംഎൽഎമാരാണ് കൂട്ടത്തോടെ വിധാൻ സൗധയിൽ രാജി സമർപ്പിക്കാനെത്തിയത്. രാജി സമർപ്പിക്കാനായി വിധാൻ സൗധയിൽ എംഎൽഎമാർ എത്തും മുൻപേ സ്പീക്കർ രാജി വാങ്ങാതെ ഓഫീസിൽ നിന്ന് പോയി. 

കോൺഗ്രസ് എംഎൽഎമാരായ രമേശ് ജർക്കിഹോളിയും ആനന്ദ് സിംഗും രാജി വച്ചതോടെയാണ് വീണ്ടും പ്രശ്നങ്ങളുടെ തുടക്കം. തകർന്നടിയാൻ പോകുന്ന സഖ്യത്തിന്‍റെ സൂചനകൾ അപ്പോഴേ പുറത്തു വന്നതാണ്. ഇന്ന് വിധാൻ സൗധയിലേക്ക് രാജിക്കത്തിന്‍റെ പ്രവാഹമായിരുന്നു. കോൺഗ്രസിൽ നിന്ന് പത്തും ജെഡിഎസ്സിൽ നിന്ന് മൂന്നും, അങ്ങനെ 13 എംഎൽഎമാരാണ് കൂട്ടത്തോടെ സ്പീക്കർ കെ ആർ രമേശ് കുമാറിന് രാജി നൽകിയിരിക്കുന്നത്. മുതിർന്ന കോൺഗ്രസ് നേതാവ് രാമലിംഗ റെഡ്ഡിയുടെ മകളും സൗമ്യ റെഡ്ഡിയും എംഎൽഎമാരായ ബി നാഗേന്ദ്രയും ജെ എൻ ഗണേഷും രാജി ഭീഷണിയുമായി നേതൃത്വത്തിന് മുന്നിലുണ്ട്. അങ്ങനെ 16 പേരാണ് രാജി ഭീഷണിയുമായി ദൾ - കോൺഗ്രസ് സഖ്യസർക്കാരിന് മുന്നിൽ നിൽക്കുന്നത്.

വീണ്ടും കണക്കിലെ കളികളിലേക്ക് കർണാടക രാഷ്ട്രീയം കടക്കുമ്പോൾ, കക്ഷിനിലയും, വരാനിരിക്കുന്ന രാഷ്ട്രീയ സാഹചര്യവും കാണാം, ചിത്രങ്ങളിലൂടെ:

ആദ്യം, കോൺഗ്രസ് - ദൾ സഖ്യസർക്കാരിന്‍റെ 2018 -ലെ കക്ഷി നില നോക്കാം. 

ആകെ സീറ്റുകൾ 222.

ഇതിൽ കേവലഭൂരിപക്ഷത്തിന് 112 സീറ്റുകൾ വേണം. സർക്കാർ രൂപീകരിക്കാൻ 113 സീറ്റുകൾ വേണം. 

കോൺഗ്രസ് - ദൾ സഖ്യസർക്കാരിന്‍റെ കക്ഷിനില 120 ആണ്. കോൺഗ്രസിന് 80 എംഎൽഎമാരും, ജെഡിഎസ്സിന് 37 എംഎൽഎമാരും, ബിഎസ്‍പിക്ക് ഒരു എംഎൽഎയുമാണുള്ളത്. രണ്ട് സ്വതന്ത്ര എംഎൽഎമാർ (ആർ ശങ്കർ - റാണെബന്നൂർ, എച്ച് നാഗേഷ് - മുൾബാഗൽ) എന്നിവരും സഖ്യസർക്കാരിനൊപ്പമുണ്ട്. 

ബിജെപിക്കാകട്ടെ, 105 എംഎൽഎമാരാണുള്ളത്. 222 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 113 എംഎൽഎമാർ വേണം.

നിലവിൽ രാജി നൽകാനെത്തിയ എംഎൽഎമാർ ഇവരാണ്:

കോൺഗ്രസ് (13) - 

  • രാമലിംഗ റെഡ്ഡി
  • മഹേഷ് കുമ്‍‍ടഹള്ളി
  • ശിവറാം ഹെബ്ബാർ
  • ബി സി പാട്ടീൽ
  • മുനിരത്ന
  • എസ് ടി സോമശേഖർ
  • ബയ്‍രാത്തി ബസവരാജ്
  • പ്രതാപ് ഗൗഡ പാട്ടീൽ
  • സൗമ്യ റെഡ്ഡി (രാജി നൽകിയിട്ടില്ല, രാജി സന്നദ്ധത അറിയിച്ചു)
  • ബി നാഗേന്ദ്ര (രാജി നൽകിയിട്ടില്ല, രാജി സന്നദ്ധത അറിയിച്ചു)
  • ജെ എൻ ഗണേഷ് (രാജി നൽകിയിട്ടില്ല, രാജി സന്നദ്ധത അറിയിച്ചു)
  • രമേശ് ജർക്കിഹോളി (നേരത്തേ രാജി വച്ചു)
  • ആനന്ദ് സിംഗ് (നേരത്തേ രാജി വച്ചു)

ജെഡിഎസ് (3) -

  • എച്ച് വിശ്വനാഥ്
  • നാരായണ ഗൗഡ
  • ഗോപാലയ്യ

കൂട്ടരാജിയ്ക്കായി എംഎൽഎമാർ എത്തിയതിന് പിന്നാലെ ഹൈക്കമാന്‍റ് നിർദേശമനുസരിച്ച് ഡി കെ ശിവകുമാർ വിധാൻ സൗധയിലേക്ക് ഓടിയെത്തി. കടുത്ത പ്രതിഷേധവുമായി എത്തിയ രാമലിംഗറെഡ്ഡിയെപ്പോലുള്ള മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി. താൻ രാഷ്ട്രീയത്തിൽ നിന്ന് തന്നെ വിരമിയ്ക്കുകയാണെന്ന് രാമലിംഗ റെഡ്ഡി പ്രഖ്യാപിച്ചു. ഒരു വിധം രാമലിംഗ റെഡ്ഡി, എസ് ടി സോമശേഖർ, ബയ്‍രാത്തി ബസവരാജ് എന്നീ മൂന്ന് എംഎൽഎമാരെ അനുനയിപ്പിച്ച് കാറിൽ കയറ്റിക്കൊണ്ടുപോകാൻ ഡി കെ ശിവകുമാറിനായി. 

നിലവിൽ സ്പീക്കർ ഇവരാരുടെയും രാജി സ്വീകരിച്ചിട്ടില്ല. വിധാൻ സൗധയിൽ നിന്ന് പോയ സ്പീക്കർ കെ ആർ രമേശ് കുമാർ, ചൊവ്വാഴ്ചയേ തിരിച്ചെത്തൂ എന്നാണ് അറിയിച്ചിരിക്കുന്നത്. 13 പേർ രാജി വച്ചാൽത്തന്നെ, സഭയിലെ സ്ഥിതി എന്താകും?