ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സാണ് കൊവിഡ് പൊസീറ്റീവ് സ്ഥിരീകരിച്ചയാളുമായി സമ്പ‍ർക്കത്തിൽ വന്നത്. ഇതോടെ ഇവ‍ർ കൊവി‍ഡ് പരിശോധനയ്ക്ക് വിധേയയായി.

ദില്ലി: കൊവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്ന നഴ്സുമാർക്ക് നടത്തിയ കൊവിഡ് പരിശോധനക്ക് പണം ഈടാക്കി സ്വകാര്യ ആശുപത്രി. ദില്ലിയിലെ ജയ്പൂർ ഗോൾഡൺ ആശുപത്രിയാണ് നഴ്സുമാരെ അപമാനിക്കുന്ന രീതിയിൽ വിചിത്രമായ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. 

ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സാണ് കൊവിഡ് പൊസീറ്റീവ് സ്ഥിരീകരിച്ചയാളുമായി സമ്പ‍ർക്കത്തിൽ വന്നത്. ഇതോടെ ഇവ‍ർ കൊവി‍ഡ് പരിശോധനയ്ക്ക് വിധേയയായി. പിന്നാലെയാണ് കൊവിഡ് പരിശോധയുടെ ചിലവ് നഴ്സുമാ‍ർ സ്വന്തമായി വഹിക്കണമെന്ന ഉത്തരവ് ആശുപത്രി മാനേജ്മെൻ്റ് പുറപ്പെടുവിച്ചത്. 

പരിശോധന ആശുപത്രി നടത്തിയാൽ പണം ശമ്പളത്തിൽ നിന്നു പിടിക്കുമെന്ന് മാനേജ്മെൻ്റ് അറിയിച്ചതായി മലയാളി നഴ്സുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംഭവം വിവാദമായതോടെ നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. ആശുപത്രിക്കെതിരെ ദില്ലി സർക്കാരിന് പരാതി നൽകുമെന്ന് യുഎൻഎ ദില്ലി ഘടകം അറിയിച്ചു.