Asianet News MalayalamAsianet News Malayalam

നഴ്സുമാര്‍ക്കും ഡെന്‍റല്‍ ഡോക്ടര്‍മാര്‍ക്കും എംബിബിഎസ് വിദ്യാര്‍ത്ഥികളാകാം; സമൂലമാറ്റവുമായി ദേശീയ വിദ്യാഭ്യാസ കരട് നയം

മെഡിക്കല്‍ പിജി പ്രവേശന പരീക്ഷക്ക് പകരം എംബിബിഎസ് ബിരുദധാരികള്‍ക്ക് കോമണ്‍ എക്സിറ്റ് പരീക്ഷയും നിര്‍ദേശിക്കുന്നു. റെഡിഡന്‍സി കാലയളവിലെ പ്രവേശന പരീക്ഷ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനാണ് എംബിബിഎസ് കോഴ്സിന്‍റെ നാലാം വര്‍ഷത്തില്‍ കോമണ്‍ എക്സിറ്റ് പരീക്ഷ നടത്തുന്നത്. 

nurses, dentists give lateral entry to MBBS, says draft policy
Author
New Delhi, First Published Jun 5, 2019, 10:24 AM IST

ദില്ലി: മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് വലിയ തോതില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ച് ദേശീയ വിദ്യാഭ്യാസ കരട് നയം. നഴ്സുമാര്‍ക്കും ദന്ത ഡോക്ടര്‍മാര്‍ക്കും എംബിബിഎസ് വിദ്യാര്‍ത്ഥികളായി പ്രവേശനം നല്‍കണമെന്നാണ് നയത്തിലെ പ്രധാന നിര്‍ദേശം. ഒന്നോ രണ്ടോ വര്‍ഷത്തെ പൊതു കോഴ്സിന് ശേഷം നഴ്സുമാര്‍ക്കും ദന്ത ഡോക്ടര്‍മാര്‍ക്കും എംബിബിഎസ് വിദ്യാര്‍ത്ഥികളായി പ്രവേശനം നല്‍കാം. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, കൗണ്‍സില്‍ ഫോര്‍ ഡെന്‍റിസ്ട്രി ആന്‍ഡ് നഴ്സസ് എന്നിവയുടെ അധികാരം കുറക്കണമെന്നും കരട് നയം നിര്‍ദേശിക്കുന്നു. നാരായണ ഹെല്‍ത്തിന്‍റെ ചെയര്‍മാന്‍ ഡോ ദേവി ഷെട്ടിയാണ് മെഡിക്കല്‍ വിദ്യാഭ്യാസ നയത്തിന്‍റെ കരട് തയ്യാറാക്കിയത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടത്. 

മെഡിക്കല്‍ പിജി പ്രവേശന പരീക്ഷക്ക് പകരം എംബിബിഎസ് ബിരുദധാരികള്‍ക്ക് കോമണ്‍ എക്സിറ്റ് പരീക്ഷയും നിര്‍ദേശിക്കുന്നു. റെഡിഡന്‍സി കാലയളവിലെ പ്രവേശന പരീക്ഷ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനാണ് എംബിബിഎസ് കോഴ്സിന്‍റെ നാലാം വര്‍ഷത്തില്‍ കോമണ്‍ എക്സിറ്റ് പരീക്ഷ നടത്തുന്നത്. എംബിബിസ് സിലബസിലും വന്‍ മാറ്റങ്ങളാണ് നിര്‍ദേശിക്കുന്നത്. കോഴ്സിന്‍റെ ആദ്യ രണ്ട് വര്‍ഷങ്ങള്‍ ശാസ്ത്ര വിദ്യാര്‍ത്ഥികളുടേതിന് സമാനമായി പൊതു സിലബസ് രൂപീകരിക്കണം. രണ്ട് വര്‍ഷത്തിന് ശേഷം വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ച് എംബിബിഎസ്(മെഡിസിന്‍), ഡെന്‍റല്‍, നഴ്സിങ് എന്നിവ തെരഞ്ഞെടുക്കാം. ഈ രീതി മെഡിക്കല്‍ രംഗത്തെ കാര്യക്ഷമത വര്‍ധിപ്പിക്കുമെന്നാണ് നയം പറയുന്നത്.

ബ്രിഡ്ജിങ് സമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കണമെന്നും കരട് നയത്തില്‍ വ്യക്തമാക്കുന്നു. നഴ്സിങ്, ഡെന്‍റല്‍ ബിരുദധാരികള്‍ക്ക് എംബിബിഎസ് കോഴ്സിലേക്ക് പ്രവേശനം നല്‍കുമെങ്കിലും നീറ്റ് വഴിയല്ലാതെ ലാറ്ററല്‍ എന്‍ട്രി നല്‍കില്ല. പ്രൊഫഷണല്‍ വിദ്യാഭ്യാസം നിര്‍ബന്ധമായും പ്രൊഷണല്‍ പ്രാക്ടീസില്‍നിന്ന് മാറ്റിനിര്‍ത്തണം. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ(എംസിഐ), കൗണ്‍സില്‍ ഫോര്‍ ഡെന്‍റിസ്ട്രി ആന്‍ഡ് നഴ്സിങ് എന്നിവ പ്രൊഫഷണല്‍ സ്റ്റാന്‍ഡേര്‍ഡ് സെറ്റിങ് ബോഡികളാക്കി മാറ്റണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കരിക്കുലത്തില്‍ സ്വയം മാറ്റം വരുത്താന്‍ അനുവാദം നല്‍കണമെന്നും കരട് നയത്തില്‍ പറയുന്നു. 

ഫീസ് നിയന്ത്രണം പൂര്‍ണമായി എടുത്തുമാറ്റി 50 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും അതില്‍ തന്നെ 20 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ സ്കോളര്‍ഷിപ്പും നല്‍കണമെന്നും കരടില്‍ പറയുന്നു. 

Follow Us:
Download App:
  • android
  • ios