കഴിഞ്ഞ മാസമാണ് നിഖില്‍ ജെയിനുമായുള്ള തന്റെ വിവാഹം നിയമപരമല്ലെന്ന് നുസ്‌റത്ത് ജഹാന്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് പ്രതിഷേധവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തി. നുസ്‌റത്ത് ജഹാന്‍ വിവാഹത്തെ സംബന്ധിച്ച് പാര്‍ലമെന്റില്‍ അസത്യം പറഞ്ഞെന്ന് ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ ആരോപിച്ചു. 

ദില്ലി: തൃണമൂല്‍ കോണ്‍ഗ്രസ് എംപി നുസ്‌റത്ത് ജഹാന്റെ വിവാഹവുമായി ബന്ധപ്പെട്ട വിവാദം ലോക്‌സഭയിലും. ബിജെപി എംപി സംഘ്മിത്ര മൗര്യയാണ് നുസ്‌റത്ത് ജഹാന്റെ വിവാഹത്തെ സംബന്ധിച്ച് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ലക്ക് കത്തെഴുതിയത്. പാര്‍ലമെന്റില്‍ തെറ്റായ വിവരം നല്‍കിയതിന് നുസ്‌റത്ത് ജഹാനെതിരെ എത്തിക്‌സ് കമ്മിറ്റി അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് എംപി ആവശ്യപ്പെട്ടു.

ലോക്‌സഭയില്‍ നല്‍കിയ വിവര പ്രകാരം നിഖില്‍ ജെയിന്‍ എന്നയാളെ നുസ്‌റത്ത് ജഹാന്‍ വിവാഹം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ അവര്‍ പറയുന്നു അവരുടെ വിവാഹം അസാധുവാണെന്ന്. അതുകൊണ്ടുതന്നെ അവര്‍ക്കെതിരെ നടപടിയെടുക്കണം-സംഘ്മിത്ര മൗര്യ ആവശ്യപ്പെട്ടു. കഴിഞ്ഞ മാസമാണ് നിഖില്‍ ജെയിനുമായുള്ള തന്റെ വിവാഹം നിയമപരമല്ലെന്ന് നുസ്‌റത്ത് ജഹാന്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് പ്രതിഷേധവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തി. നുസ്‌റത്ത് ജഹാന്‍ വിവാഹത്തെ സംബന്ധിച്ച് പാര്‍ലമെന്റില്‍ അസത്യം പറഞ്ഞെന്ന് ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ ആരോപിച്ചു. വിമര്‍ശനവുമായി ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലിപ് ഘോഷും രംഗത്തെത്തി. 

തന്റെ വിവാഹം സാധുവല്ലെന്ന് നുസ്‌റത്ത് ജഹാന്‍ വ്യക്തമാക്കിയതോടെ നിരവധി അഭ്യൂഹങ്ങളാണ് ഉയര്‍ന്നത്. തന്റെ വിവാഹം നടന്നത് തുര്‍ക്കിയിലാണെന്നും അവിടത്തെ നിയമപ്രകാരം മിശ്രവിവാഹം അനുവദനീയമല്ലെന്നും നുസ്‌റത്ത് ജഹാന്‍ വ്യക്തമാക്കി. ഇന്ത്യന്‍ നിയമപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടില്ല. നിയമപരമായി തങ്ങള്‍ വിവാഹിതരല്ലെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. 2019ലായിരുന്നു ഇവര്‍ തുര്‍ക്കിയില്‍ നടന്ന ചടങ്ങില്‍ വിവാഹിതരായത്. എന്നാല്‍ വിവാഹ മോചനത്തിന് അപേക്ഷ നല്‍കിയതായി നിഖില്‍ ജയിന്‍ പറഞ്ഞിരുന്നു. കോടതിയിലുള്ള വിഷയമായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും 2020 മുതല്‍ വേര്‍പിരിഞ്ഞാണ് താമസമെന്നും നിഖില്‍ ജയിന്‍ വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona