യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് യുവതി പറയുന്ന വീഡിയോ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചതിനാണ് മാധ്യമ പ്രവര്‍ത്തകനായ പ്രശാന്ത് കനോജിയയെ അറസ്റ്റ് ചെയ്തത്.
ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിപ്പിച്ച മാധ്യമപ്രവര്‍ത്തകരെ വിട്ടയക്കണമെന്ന് മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ നെറ്റ്‍വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയ(എന്‍ഡബ്ലൂഎംഐ). പ്രമുഖ ഓണ്‍ലൈന്‍ വാര്‍ത്ത വെബ്സൈറ്റായ ദ വയറിലെ മുന്‍ മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയ, പ്രാദേശിക ചാനലായ നേഷന്‍ ലൈവിന്‍റെ മേധാവിയായ ഇഷിത സിങ്, എഡിറ്റര്‍ അനുജ് ശുക്ല എന്നിവരാണ് അറസ്റ്റിലായത്.
യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് യുവതി പറയുന്ന വീഡിയോ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചതിനാണ് മാധ്യമ പ്രവര്‍ത്തകനായ പ്രശാന്ത് കനോജിയയെ അറസ്റ്റ് ചെയ്തത്. ദില്ലിയിലെ വീട്ടില്‍ നിന്ന് ശനിയാഴ്ചയാണ് പൊലീസ് പ്രശാന്ത് കനോജിയയെ അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളെ ലഖ്നൗവിലേക്ക് കൗണ്ടുപോയി. ഐടി ആക്ടിലെ സെക്ഷന്‍ 500,സെക്ഷന്‍ 66 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് കൂടുതല്‍ വകുപ്പുകള്‍ ഇയാള്‍ക്ക് മേല്‍ ചുമത്തുകയായിരുന്നു.
ഹസ്രത്ഗഞ്ച് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറുടെ പരാതിയെ തുടര്‍ന്നാണ് നടപടി. അറസ്റ്റിന് ശേഷം പ്രശാന്തിനെക്കുറിച്ച് യാതൊരു വിവരമില്ലെന്നും സുഹൃത്തുക്കള്‍ ആരോപിച്ചു. യോഗിക്കെതിരെ അധിക്ഷേപകരമായ രീതിയിലാണ് പ്രശാന്ത് പോസ്റ്റിട്ടതെന്ന് പരാതിക്കാരന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിന് മുന്നില്‍വച്ച് ഒരു സ്ത്രീ മുഖ്യമന്ത്രിയെ വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് മാധ്യമങ്ങളോട് പറയുന്നതാണ് വീഡിയോയിലുള്ളത്. വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെയാണ് അറസ്റ്റ്. യോഗി ആദിത്യനാഥുമായി താന്‍ ദീര്‍ഘനേരം വീഡിയോ കാള്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹത്തിന് ഭാവിയില്‍ എന്‍റെ കൂടെ ജീവിക്കാനാഗ്രഹമുണ്ടോ എന്ന് അറിയണമെന്ന് യുവതി ആവശ്യപ്പെട്ടു.
യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കണമെന്ന് യുവതി പറയുന്ന ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തതിനാണ് പ്രാദേശിക ചാനലായ നേഷന്‍ ലൈവിന്‍റെ മേധാവി ഇഷിത സിങിനെയും എഡിറ്റര്‍മാരില്‍ ഒരാളായ അനുജ് ശുക്ലയെയും ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. മാനഹാനി വരുത്തുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നാരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കോടതി അവധിയായിരുന്ന ദിവസം അറസ്റ്റ് നടന്നതിനാല്‍ ഇവര്‍ക്ക് ജാമ്യം ലഭിച്ചില്ല. സംഭവം മാധ്യമ സ്വാതന്ത്രത്യത്തിന്‍റെ ലംഘനമാണെന്നും നിയമങ്ങള്‍ അട്ടിമറിക്കപ്പെടുകയാണെന്നും എന്‍ ഡബ്ലൂ എം ഐ ആരോപിച്ചു. അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകരെ എത്രയും വേഗം വിട്ടയയ്ക്കണമെന്നും ഇവര്‍ക്ക് മേല്‍ ചുമത്തിയ കേസ് പിന്‍വലിക്കണമെന്നുമാണ് സംഘടനയുടെ ആവശ്യം. മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി ആളുകള്‍ ട്വിറ്ററിലൂടെ പ്രതിഷേധം അറിയിച്ചു.
