ഒബിസി ക്രീമിലെയർ പദവി നിർണയിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ ഇളവ് തേടിയുള്ള കേന്ദ്ര സർക്കാരിന്റെ ഹർജിയിൽ വിധി പറയുന്നത് മാറ്റി. വിധി മുൻകാല പ്രാബല്യത്തോടെ നടപ്പാക്കുന്നത് 2012 മുതലുള്ള നിയമനങ്ങളെയും പ്രവേശനങ്ങളെയും ബാധിക്കുമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.

ദില്ലി: ഒബിസി ക്രീമിലെയർ മാനദണ്ഡവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ ഇളവ് തേടിയുള്ള കേന്ദ്ര അപേക്ഷയിൽ വിധി പറയുന്നത് മാറ്റിവെച്ചു. മാതാപിതാക്കളുടെ ശമ്പള വരുമാനം മാത്രം അടിസ്ഥാനമാക്കി ക്രീമിലെയർ പദവി നിർണയിക്കരുതെന്ന വിധി മുൻകാല പ്രാബല്യത്തോടെ നടപ്പാക്കുന്നത് ഒഴിവാക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. വിധി മുൻകാല പ്രാബല്യത്തോടെ നടപ്പാക്കിയാൽ 2012 മുതലുള്ള നിയമനങ്ങളെയും പ്രവേശനങ്ങളെയും ബാധിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. നടപടികൾ പൂർത്തിയാക്കാൻ 2 വർഷത്തെ സാവകാശവും കേന്ദ്രം തേടി.

മാർച്ച് 11ലെ സുപ്രീംകോടതി വിധിയാണ് ഇപ്പോഴത്തെ നിയമപോരാട്ടത്തിന് അടിസ്ഥാനം. മാതാപിതാക്കളുടെ വരുമാനം മാത്രം ഒബിസി വിഭാഗങ്ങളിലെ ക്രീമിലെയറിന് കണക്കാക്കരുതെന്ന് കോടതി നിർദ്ദേശം നൽകിയിരുന്നു. മാതാപിതാക്കളുടെ സാമൂഹ്യ അവസ്ഥ പരിഗണിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. 2012 മുതൽ ഇതിന് മുൻകാല പ്രാബല്യം കോടതി നൽകി.1993ലെ കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ അടിസ്ഥാനമാകണമെന്നും കോടതി വ്യക്തമാക്കി. അതേസമയം, വിധി 2012 മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കിയാൽ ഭരണപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ഇതുവരെ നടന്ന നിയമനങ്ങളെ അടക്കം വിധി ബാധിക്കുമെന്ന് കേന്ദ്ര സർക്കാർ വാദിച്ചു. ഇതിനകം നടന്ന നിയമനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനങ്ങളും വീണ്ടും പരിശോധിക്കേണ്ട സാഹചര്യമുണ്ടാകുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

ഒബിസി-എൻസിഎൽ സർട്ടിഫിക്കറ്റുകൾ, സർവീസ് സീനിയോറിറ്റി, കേഡർ നൽകൽ, മറ്റ് സർവീസ് ആനുകൂല്യങ്ങൾ എന്നിവയിലും പ്രത്യാഘാതമുണ്ടാകാമെന്നും കേന്ദ്രം വാദിച്ചു. സുപ്രീം കോടതി നിർദേശം നടപ്പാക്കാൻ രണ്ട് വർഷം വേണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. വിധി അതിനു ശേഷമുള്ള നടപടികൾക്ക് മാത്രം ബാധകമാക്കണമെന്നുംസർക്കാർ സർവീസിലും സ്വകാര്യ മേഖലയിലും ഏതൊക്കെ പദവികൾ ക്രീമിലെയറിൽ വരുമെന്ന വിശദ പട്ടിക തയ്യാറാക്കുമെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തിന്റെ അപേക്ഷ പരിഗണിച്ചത്.