Asianet News MalayalamAsianet News Malayalam

അഖിലേന്ത്യ മെഡിക്കൽ പ്രവേശനം; 27 % ഒബിസി സംവരണവും 10 % സാമ്പത്തിക സംവരണവും പ്രഖ്യാപിച്ചു

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നോക്കക്കാര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് നിര്‍ണ്ണായക തീരുമാനം എടുത്തിരിക്കുന്നത്. 

OBC reservation for all india quota for medical education
Author
Delhi, First Published Jul 29, 2021, 4:30 PM IST

ദില്ലി: അഖിലേന്ത്യ മെഡിക്കൽ ഡെന്‍റല്‍ ക്വാട്ടയിൽ 27 ശതമാനം ഒബിസി സംവരണവും 10 ശതമാനം സാമ്പത്തിക സംവരണവും പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ഈ വർഷം മുതലുള്ള പ്രവേശനത്തിന് ഇത് ബാധകമാക്കാനാണ് തീരുമാനം. എംബിബിഎസിന് 1500 ഉം മെഡിക്കൽ പിജിക്ക് 2500 ഉം സീറ്റുകളിൽ ഒബിസി വിദ്യാർത്ഥി പ്രവേശനത്തിന് ഈ തീരുമാനം വഴിയൊരുക്കും. 1500 സീറ്റുകളിലാവും സാമ്പത്തിക സംവരണം. മണ്ഡൽകമ്മീഷൻ റിപ്പോർട്ട് നടപ്പാക്കി മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് അഖിലേന്ത്യ മെഡിക്കൽ പ്രവേശനത്തിലും ഒബിസി സംവരണത്തിനുമുള്ള കേന്ദ്ര തീരുമാനം. 2007 ല്‍ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിന് അഖിലേന്ത്യ ക്വാട്ടയിൽ സംവരണം നല്‍കിയിരുന്നു. 

ഐഐടിയും എയിംസും ഉൾപ്പടെയുള്ള കേന്ദ്രസ്ഥാപനങ്ങളിലും കേന്ദ്ര സർവ്വകലാശാലകളിലും ഇപ്പോൾ തന്നെ ഒബിസി സംവരണമുണ്ട്. മെഡിക്കൽ അഖിലേന്ത്യ ക്വാട്ടയിലും ഇത് ഏർപ്പെടുത്തി വിദ്യാഭ്യാസ രംഗത്ത് സംവരണം സമ്പൂർണ്ണമാക്കുകയാണ് കേന്ദ്രം. നാഴിക കല്ലാകുന്ന തീരുമാനം പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് വലിയ അവസരമാകുമെന്ന് നരേന്ദ്ര മോദി പ്രതികരിച്ചു.  മന്ത്രിസഭയിൽ 27 പേർ ഒബിസി വിഭാഗങ്ങളിൽ നിന്നാണെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. അഖിലേന്ത്യ ക്വാട്ടയിലെ ഈ സംവരണം കൂടി ഇപ്പോൾ നടപ്പാക്കുന്ന കേന്ദ്രം ഉത്തർപ്രദേശിലെ പിന്നാക്ക വോട്ടുകളിൽ കൂടിയാണ് കണ്ണുവയ്ക്കുന്നത്.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios