ഝാർഖണ്ഡിലെ മുൻ ബിജെപി എംപിയും ദളിത് വിഭാഗം നേതാവുമാണ് ബ്രജ് മോഹൻ റാം. തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ഒഡിഷ ഗവർണറായി നിയമിച്ചത്. ഇതിനുപിന്നാലെ റാഞ്ചിയിൽവെച്ച് വാർത്താ ഏജൻസിയായ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിവാദ പ്രസ്താവനയുണ്ടായത്.
ന്യൂഡൽഹി: ഒഡിഷയിലെ പുതിയ ഗവർണറായി നിയമിതനായ ബ്രജ് മോഹൻ റാമിന്റെ പ്രസ്താവനയെച്ചൊല്ലി വിവാദം. ഗവർണറായി നിയമിച്ചതിന് പിന്നാലെ നൽകിയ അഭിമുഖത്തിൽ ബിജെപിയെ ശക്തിപ്പെടുത്താനായി പ്രവർത്തിക്കുമെന്ന് ബ്രജ് റാം മോഹൻ പറഞ്ഞതാണ് വിവാദത്തിലായത്. പ്രസ്താവന വിവാദമായതോടെ ബിജെഡിയും കോൺഗ്രസും ഉൾപ്പെടെയുള്ളവർ പുതിയ ഗവർണർക്കെതിരേ രംഗത്തെത്തി.
ഝാർഖണ്ഡിലെ മുൻ ബിജെപി എംപിയും ദളിത് വിഭാഗം നേതാവുമാണ് ബ്രജ് മോഹൻ റാം. തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ഒഡിഷ ഗവർണറായി നിയമിച്ചത്. ഇതിനുപിന്നാലെ റാഞ്ചിയിൽവെച്ച് വാർത്താ ഏജൻസിയായ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിവാദ പ്രസ്താവനയുണ്ടായത്. ബിജെപിയുടെ എസ്.സി. മോർച്ചയെ കൂടുതൽ സജീവമാക്കാനും പാർട്ടിക്ക് കൂടുതൽ വോട്ടുകൾ നേടാനുള്ള പ്രവർത്തനങ്ങളും നടത്തുമെന്നുമായിരുന്നു പുതിയ ഗവർണർ വാർത്താ ഏജൻസിയോട് പറഞ്ഞത്. ഒഡിഷയിൽ ബിജെപിയാണ് അധികാരത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്ക്കെതിരേയാണ് പ്രതിപക്ഷം രംഗത്തെത്തിയത്.
ഗവർണറുടെ പ്രസ്താവന ഞെട്ടിക്കുന്നതാണെന്നായിരുന്നു ബിജെഡിയുടെ പ്രതികരണം. ഗവർണറായിട്ടും അദ്ദേഹം ബിജെപിയെ ശക്തിപ്പെടുത്തുമെന്ന് ആവർത്തിക്കുകയാണെന്നും ഗവർണറുടെ പദവി രാഷ്ട്രീയത്തിന് അതീതമാണെന്ന വസ്തുത റദ്ദാക്കുന്ന പ്രസ്താവനയാണ് അദ്ദേഹം നടത്തിയതെന്നും ബിജെഡി വിമർശിച്ചു. ബിജെഡി അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ നവീൻ പട്നായിക്കും ഗവർണറുടെ പ്രസ്താവനയിൽ ആശങ്ക അറിയിച്ചു. രാഷ്ട്രപതി ഭവനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ടാഗ് ചെയ്താണ് അദ്ദേഹം സാമൂഹികമാധ്യമങ്ങളിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. അതിനിടെ, വിവാദപ്രസ്താവന നടത്തിയ ഗവർണറെ കേന്ദ്രം തിരിച്ചുവിളിക്കണമെന്ന് കോൺഗ്രസും ആവശ്യപ്പെട്ടു.


