ഭുവനേശ്വർ: ഒഡീഷയിലെ വനിതാ ശിശുവികസന, മിഷൻ ശക്തി വകുപ്പ് മന്ത്രി തുക്കുനി സാഹുവിന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ട്വീറ്റിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എനിക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇപ്പോൾ ഹോം ഐസൊലേഷനിലാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഞാനുമായി ഇടപഴകിയവർ പരിശോധനയ്ക്ക് വിധേയരാകണമെന്ന് അഭ്യർത്ഥിക്കുന്നു. സാഹു ട്വീറ്റിൽ കുറിച്ചു. കൊറോണ വൈറസ് സ്ഥിരീകരിക്കുന്ന ഒഡീഷയിലെ അഞ്ചാമത്തെ മന്ത്രിയാണ് തുക്കുനി സാഹു. 

ജ്യോതിപ്രകാശ് പാണി​ഗ്രഹി, സുശാന്ത സിം​ഗ്, അരുൺകുമാർ സാഹു എന്നിവർക്ക് കൊവിഡ് 19 ബാധിച്ചിരുന്നു. മറ്റൊരു മന്ത്രിയായ പദ്മിനി ദിയാനും കൊവിഡ് സ്ഥിരീകരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഒഡീഷയിൽ 3996 പേർക്കാണ് പുതിയതായി കൊവിഡ് ബാധിച്ചിരിക്കുന്നത്. കൊറോണ വൈറസ് ബാധ ​ഗുരുതരമായി ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് ഒഡീഷ.