അപകടം നടന്ന ട്രെയിനിൽ യാത്ര ചെയ്തിരുന്ന മകന്‍റെ വിവരങ്ങളൊന്നും ലഭിക്കാത്തതുകൊണ്ടാണ് അച്ഛൻ തേടിയെത്തിയത്

ബാലസോർ: ഒഡീഷയിലെ ട്രെയിന്‍ അപകടത്തിന്‍റെ വാർത്ത തന്നെ ലോകത്തെ ഒന്നാകെ വേദനിപ്പിക്കുന്നതായിരുന്നു. രാജ്യം കണ്ട വലിയ ദുരന്തങ്ങളിലൊന്നായി മാറിയ ഒഡിഷയിലെ ട്രെയിനപകടവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ ഓരോന്നും ഏവരെയും നൊമ്പരപ്പെടുത്തുന്നതാണ്. അക്കൂട്ടത്തിൽ വലിയ ഹൃദയ വേദനമായി മാറുകയാണ് അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങള്‍ക്കിടയില്‍ സ്വന്തം മകനെ തിരയുന്ന അ‍ച്ഛന്‍റെ വീഡിയോ. അപകടം നടന്ന ട്രെയിനിൽ യാത്ര ചെയ്തിരുന്ന മകന്‍റെ വിവരങ്ങളൊന്നും ലഭിക്കാത്തതുകൊണ്ടാണ് അച്ഛൻ തേടിയെത്തിയത്. മകൻ അപകടം നടന്ന ട്രെയിനിൽ ഉണ്ടായിരുന്നെന്നും എന്നാൽ അപകടത്തിന് ശേഷം വിവരങ്ങളൊന്നും ഇല്ലെന്നുമാണ് അച്ഛൻ പറയുന്നത്. മണിക്കൂറുകളോളം അദ്ദേഹം അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾക്കിടയിലും മകനെ തിരഞ്ഞു. എന്നാൽ മകനെ കണ്ടെത്താനായിട്ടില്ല. മകന് എന്ത് സംഭവിച്ചു എന്നറിയാനായി കാത്തിരിക്കുകയാണ് ഇദ്ദേഹം.

ഒഡീഷയിലെ കണ്ണീരിൽ കൈപിടിച്ച് ലോകം; ഇന്ത്യയെ ആശ്വസിപ്പിക്കാൻ പുടിനും സുനക്കുമടക്കമുള്ള ലോകനേതാക്കൾ രംഗത്ത്

Scroll to load tweet…

അതേസമയം ഇന്ത്യയുടെ കണ്ണീരായി മാറിയ ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ ആശ്വാസവാക്കുകളുമായി ലോക നേതാക്കൾ രംഗത്തിയിട്ടുണ്ട്. റഷ്യൻ പ്രസിഡന്‍റ് വ്ലാഡ്മിർ പുടിനും ബ്രിട്ടിഷ് പ്രധാനമന്ത്രി റിഷി സുനക്കുമടക്കമുള്ള നിരവധി ലോക നേതാക്കളാണ് ഇന്ത്യയെ ആശ്വസിപ്പിക്കാൻ രംഗത്തെത്തിയത്. ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിൽ അനുശോചനം അറിയിക്കുന്നതായാണ് റഷ്യൻ പ്രസിഡന്‍റ് വ്യക്തമാക്കിയത്. അപകടത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പുടിൻ ആശംസിച്ചു. ദാരുണമായ അപകടത്തിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ ഞങ്ങൾ പങ്കുചേരുന്നു, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു എന്ന് റഷ്യ പ്രസ്താവനയിലൂടെ പറയുകയും ചെയ്തു.

ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ട്രെയിൻ അപകടത്തിൽ അഗാത ദുഃഖം രേഖപ്പെടുത്തുന്നതായി അറിയിച്ചു. എന്റെ ചിന്തകളും പ്രാർത്ഥനകളും നരേന്ദ്രമോദിയോടൊപ്പവും ഒഡീഷയിലെ ദാരുണമായ സംഭവങ്ങളാൽ ബാധിക്കപ്പെട്ട എല്ലാവ‍ർക്കുമൊപ്പം ഉണ്ടെന്നും സുനക്ക് വ്യക്തമാക്കി. അപകടത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. പരിക്കേറ്റവർ എത്രയും വേഗത്തിൽ സുഖപ്പെടട്ടെയന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്ത യൂട്യൂബിൽ തത്സമയം കാണാം

YouTube video player