അപകടത്തിന് തൊട്ടുമുമ്പ് പൈലറ്റ് "ഓ ഷിറ്റ്" എന്ന വാക്ക് ഉപയോഗിച്ചതായി ബ്ലാക്ക് ബോക്സ് പരിശോധനയിൽ കണ്ടെത്തി. പൈലറ്റ് സുമിത് കപൂറിന് ഒപ്പമുണ്ടായിരുന്ന വനിതാ പൈലറ്റ് സാംബവി പഥക് ആണ് ഈ പ്രയോഗം നടത്തിയത്.
മുംബൈ : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ട വിമാനാപകടത്തിൽ അന്വേഷണം മഹാരാഷ്ട്ര സിഐഡി വിഭാഗത്തിന് കൈമാറി. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. അജിത് പവാർ ഉൾപ്പെടെയുള്ളവരുടെ മരണ കാരണം സംബന്ധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ബാരാമതി വിമാനാപകടത്തിന്റെ കാരണം കണ്ടെത്താൻ ബ്ലാക്ക് ബോക്സ് പരിശോധന തുടങ്ങി. അപകടത്തിന് തൊട്ടുമുമ്പ് പൈലറ്റ് "ഓ ഷിറ്റ്" എന്ന വാക്ക് ഉപയോഗിച്ചതായി ബ്ലാക്ക് ബോക്സ് പരിശോധനയിൽ കണ്ടെത്തി. പൈലറ്റ് സുമിത് കപൂറിന് ഒപ്പമുണ്ടായിരുന്ന വനിതാ പൈലറ്റ് സാംബവി പഥക് ആണ് ഈ പ്രയോഗം നടത്തിയത്.
ബാരാമതി വിമാനത്താവളത്തിൽ സ്ഥിരം എടിസി ഇല്ലാത്തതും അഗ്നിശമന സംവിധാനത്തിന്റെ അഭാവും ദുരന്തത്തിന്റെ ആക്കംകൂട്ടിയെന്നാണ് കണ്ടെത്തൽ. സുരക്ഷാ പരിശോധന വേണമെന്ന ആവശ്യം ശക്തമാണ്. ബാരാമതിക്ക് സമാനമായി രാജ്യത്തുള്ളത് 150 എയർ സ്ട്രിപ്പുകളാണ്. പലയിടത്തും കാലാവസ്ഥ നിരീക്ഷണ സംവിധാനവും,അഗ്നിശമന വിഭാഗവും ഇല്ല. എയർ സ്ട്രിപ്പുകളുടെ കാര്യത്തിൽ വ്യോമയാന മന്ത്രാലയം സുരക്ഷാ പരിശോധന നടത്തണമെന്ന് വ്യോമയാന വിദഗ്ധർ വ്യക്തമാക്കി.
മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ കരുത്തനായ നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ ബുധനാഴ്ച രാവിലെയാണ് പുണെ ജില്ലയിലെ ബാരാമതി വിമാനത്താവളത്തിൽ സ്വകാര്യ ജെറ്റ് വിമാനം തകർന്നു വീണ് മരിച്ചത്. അജിത് പവാറിനെ കൂടാതെ വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടെ അഞ്ച് പേരും അപകടത്തിൽ മരണപ്പെട്ടു. മുംബൈയിൽ നിന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബാരാമതിയിലേക്ക് വരികയായിരുന്നു അജിത് പവാർ. വരാനിരിക്കുന്ന ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതുയോഗങ്ങളിൽ പങ്കെടുക്കാനാണ് അദ്ദേഹം യാത്ര തിരിച്ചത്. രാവിലെ 8:10-ന് മുംബൈയിൽ നിന്ന് പറന്നുയർന്ന ലിയർജെറ്റ് 45 വിമാനം 8:45-ഓടെ ബാരാമതി എയർസ്ട്രിപ്പിന് സമീപം ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് തകർന്നു വീഴുകയായിരുന്നു. മോശം കാലാവസ്ഥയും കാഴ്ചാപരിധിക്കുണ്ടായ കുറവുമാണ് പ്രാഥമികമായി അപകട കാരണമായി കരുതുന്നത്. റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം നിമിഷങ്ങൾക്കകം പൊട്ടിത്തെറിക്കുകയും പൂർണ്ണമായും കത്തിനശിക്കുകയും ചെയ്തു.


