വിമാനം താഴേക്ക് ഇറങ്ങുന്ന രീതി കണ്ടപ്പോൾ തന്നെ അസ്വാഭാവികത തോന്നിയിരുന്നുവെന്നാണ് ദൃക്സാക്ഷിയുടെ വാക്കുകൾ. തൊട്ടുപിന്നാലെ നിലത്തേക്ക് പതിച്ചുവെന്നും തകർന്നുവീണ ഉടൻ തന്നെ വിമാനം വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്തു 

മുംബൈ : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെയും മറ്റ് നാലുപേരുടെയും മരണത്തിനിടയാക്കിയ വിമാനാപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. വിമാനം ലാന്റിങിന് വേണ്ടി റൺവേ ലക്ഷ്യമാക്കി നീങ്ങുന്നതിനിടെ ഏകദേശം 100 അടി മുകളിൽ നിന്നുമാണ് താഴേക്ക് പതിച്ചതെന്നാണ് അപകടം നേരിൽ കണ്ടയാൾ വിവരിക്കുന്നത്. വിമാനം താഴേക്ക് ഇറങ്ങുന്ന രീതി കണ്ടപ്പോൾ തന്നെ അസ്വാഭാവികത തോന്നിയിരുന്നുവെന്നാണ് ദൃക്സാക്ഷിയുടെ വാക്കുകൾ. തൊട്ടുപിന്നാലെ നിലത്തേക്ക് പതിച്ചുവെന്നും തകർന്നുവീണ ഉടൻ തന്നെ വിമാനം വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും വലിയൊരു അഗ്നിഗോളമായി മാറുകയും ചെയ്തുവെന്നും ദൃക്‌സാക്ഷി വിശദീകരിച്ചു.

അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തിയെങ്കിലും വിമാനം പൂർണ്ണമായും കത്തി നശിച്ചിരുന്നു. മഹാരാഷ്ട്ര രാഷ്ട്രീയത്തെ നടുക്കിയ ദുരന്തത്തിൽ അജിത് പവാറിനൊപ്പം അഞ്ച് പേരായിരുന്നു ഉണ്ടായിരുന്നത്. മറ്റ് നാലുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. അജിത് പവാർ അടക്കം ഇവരിൽ രണ്ട് പേർ പൈലറ്റുമാരും രണ്ട് പേർ യാത്രക്കാരുമായിരുന്നു.

വിമാനാപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ലാൻഡിംഗിനിടെ തകർന്നുവീണ വിമാനം നിമിഷങ്ങൾക്കകം കഷണങ്ങളായി ചിന്നിച്ചിതറുന്നതാണ് വീഡിയോയിലുള്ളത്. റൺവേ ലക്ഷ്യമാക്കി താഴ്ന്നിറങ്ങിയ വിമാനം നിയന്ത്രണം വിട്ട് നിലംപതിക്കുകയും വലിയ സ്ഫോടനത്തോടെ തകരുകയുമായിരുന്നുവെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. വിമാനം നിലത്ത് പതിച്ച ആഘാതത്തിൽ എൻജിനും മറ്റ് ഭാഗങ്ങളും വേർപെട്ട് ദൂരേക്ക് തെറിച്ചുപോയി. ഇതിന് പിന്നാലെ വിമാനം പൂർണ്ണമായും തീപിടുത്തത്തിൽ അമർന്നു. വിമാനാപകടത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി പരിശോധിച്ചാൽ മാത്രമേ അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു.