കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന നിലപാടില്‍  രാഹുല്‍ ഗാന്ധി ഉറച്ചു നില്‍ക്കുകയാണ്. ചര്‍ച്ചകളും  നടന്നുവരികയാണ്. അതിനിടെ പാര്‍ട്ടിയെ നയിക്കാന്‍ തയ്യാറാണെന്ന വാഗ്ദാനവുമായി മുന്‍ ഒളിമ്പ്യന്‍ അസ്‍ലം ഷേര്‍ ഖാന്‍ രംഗത്തെത്തിയതായി റിപ്പോര്‍ട്ട്.

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന നിലപാടില്‍ രാഹുല്‍ ഗാന്ധി ഉറച്ചു നില്‍ക്കുകയാണ്. ചര്‍ച്ചകളും നടന്നുവരികയാണ്. അതിനിടെ പാര്‍ട്ടിയെ നയിക്കാന്‍ തയ്യാറാണെന്ന വാഗ്ദാനവുമായി മുന്‍ ഒളിമ്പ്യന്‍ അസ്‍ലം ഷേര്‍ ഖാന്‍ രംഗത്തെത്തിയതായി റിപ്പോര്‍ട്ട്. മെയ് 27 ന് രാഹുലിന് അയച്ച കത്തിലാണ് അധ്യക്ഷ പദവി ഏറ്റെടുത്ത് രണ്ട് വര്‍ഷത്തേക്ക് പാര്‍ട്ടിയെ നയിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

84 ല്‍ മധ്യപ്രദേശിലെ ബേത്തുള്‍ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് ജയിച്ച ഷേര്‍ ഖാന്‍ കേന്ദ്രമന്ത്രിയുമായിരുന്നു. 1997 ല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തി. പിന്നീട് രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തി. 

72ലെ മ്യൂണിക് ഒളിമ്പിക്‌സില്‍ ഹോക്കി ടീം അംഗമായി അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. 65 കാരനായ ഒളിമ്പ്യന്‍ അസ്‍ലം ഷേര്‍ ഖാന്‍ 1975 ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ഹോക്കി ടീമില്‍ അംഗമായിരുന്നു. കോണ്‍ഗ്രസില്‍ തുടരുന്നുണ്ടെങ്കിലും കുറച്ചുകാലമായി കോണ്‍ഗ്രസ് നേതാക്കളുമായി അദ്ദേഹം അകന്ന് കഴിയുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.