ദില്ലി: രാജസ്ഥാനിൽ നിന്നുള്ള ബിജെപി എംപി ഓം ബിർള ലോകസഭ സ്പീക്കറാകുമെന്ന് സൂചന. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉച്ചക്ക് മുമ്പുണ്ടായേക്കുമെന്നാണ് സൂചന. കോട്ട ലോകസഭ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഓം ബിർള ഇത് രണ്ടാം തവണയാണ് ലോകസഭയിൽ എത്തുന്നത്. നേരത്തെ രാജസ്ഥാൻ മന്ത്രിസഭയിൽ അംഗമായിരുന്നു ഓം ബിർള. 

മേനക ഗാന്ധിയുൾപ്പെടെയുള്ളവരുടെ പേരുകൾ നേരത്തെ സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് ഓം ബിർളയുടെ പേര് പുറത്ത് വരുന്നത്. സ്പീക്കർ സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയ്യതി ഇന്നാണ്. നാളെയാണ് സ്പീക്കർ തെര‌ഞ്ഞെടുപ്പ്.

പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നും ലോകസഭയിൽ തുടരും. ഒഡീഷയിൽ നിന്നുള്ള എംപിമാരാണ് ഇന്നലെ അവസാനമായി സത്യപ്രതിജ്ഞ ചെയ്തത്. പഞ്ചാബ്, രാജസ്ഥാൻ, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, തമിഴ്നാട്, തെലങ്കാന, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ എംപിമാരാകും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക.

കേരളത്തിൽ നിന്ന് തിരുവനന്തപുരം എംപി ശശി തരൂർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ലണ്ടനിൽ ഇന്ത്യാ പാക് ക്രിക്കറ്റ് മത്സരം കാണാൻ പോയ തരൂർ ഇന്നലെ തിരിച്ചെത്തിയിരുന്നില്ല. ഉത്തർപ്രദേശിലെ എംപി എന്ന നിലയിൽ സോണിയ ഗാന്ധിയും ഇന്നായിരിക്കും സത്യപ്രതിജ്ഞ ചെയ്യുക.