നിലവില്‍ വിദേശങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കര്‍ശന പരിശോധനയും സമ്പര്‍ക്ക വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. റിസ്‌ക് പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കാനും തീരുമാനിച്ചിരുന്നു. 

ദില്ലി: കൊറോണവൈറസ് (Coronavirus) പുതിയ വകഭേദം ഒമിക്രോണ്‍ (Omicron) പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് (International flight service) സാധാരണഗതിയില്‍ ഡിസംബര്‍ 15 മുതല്‍ പുനരാരംഭിക്കേണ്ടതില്ലെന്ന് തീരുമാനം. ഈ മാസം 15 മുതല്‍ അന്തരാഷ്ട്ര വിമാനങ്ങള്‍ പുനരാരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം (Aviation Ministry) നവംബര്‍ 26ന് അറിയിച്ചിരുന്നു. എന്നാല്‍ യൂറോപ്പിലും സൗദിയിലുമടക്കം ഒമിക്രോണ്‍ (Omicron) സ്ഥിരീകരിച്ച സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് സാധാരണ നിലയില്‍ ഉടന്‍ ആരംഭിക്കേണ്ടെന്നാണ് ഇപ്പോഴത്തെ നിലപാട്. സര്‍വീസ് എപ്പോള്‍ ആരംഭിക്കണമെന്ന കാര്യത്തില്‍ തീരുമാനം പിന്നീടുണ്ടാകും. നിലവില്‍ വിദേശങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കര്‍ശന പരിശോധനയും സമ്പര്‍ക്ക വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. റിസ്‌ക് പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കാനും തീരുമാനിച്ചിരുന്നു.

നിലവിലെ എയര്‍ ബബിള്‍ സംവിധാനത്തില്‍ വ്യോമഗതാഗതം തുടരാനാണ് തീരുമാനം. ആഗോള സാഹചര്യം സൂക്ഷ്മമായി വിലയിരുത്തി വിദഗ്ധരുമായി കൂടിയാലോചിച്ച് ഉചിതമായി തീരുമാനമെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ 20 മാസമായി സാധാരണ നിലയിലുള്ള അന്താരാഷ്ട്ര വിമാന സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. 

ഇന്ന് വിമാനത്താവളങ്ങള്‍ സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. റിസ്‌ക് രാജ്യങ്ങളുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാരെ പരിശോധിച്ച് നെഗറ്റീവ് ആകുന്നവരെ മാത്രമേ പുറത്തേക്ക് വിടാവൂ എന്നതടക്കമുള്ള മാര്‍ഗ നിര്‍ദേശങ്ങളാണ് നല്‍കിയത്. റിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നെത്തുന്നവരില്‍ റാന്‍ഡമായിട്ടാണ് പരിശോധന. ലക്ഷണമുള്ളവരും ഫലം പോസീറ്റായവരും കര്‍ശനമായി ക്വാറന്റൈന്‍ പാലിക്കണം. അതിന് പുറമെ, വിമാനത്താവളങ്ങളും അവരുടേതായ നിബന്ധനകള്‍ മുന്നോട്ടുവെക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ റിസ്‌ക് പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്നെത്തിയ ആറുപേരുടെ ഫലം പോസിറ്റീവായിട്ടുണ്ട്. ഇവരുടെ സാമ്പിള്‍ സ്ഥിരീകരിക്കുന്നതിനായി ലാബിലേക്ക് അയച്ചിരിക്കുകയാണ്.