ഈ കൊവിഡ് വകഭേദം വളരെ ദുർബലമാണ്. ഇത് വൈറൽ പനി പോലെയാണ്, പക്ഷേ മുൻകരുതലുകൾ ആവശ്യമാണ്. എന്നിരുന്നാലും, പരിഭ്രാന്തരാകേണ്ട ആവശ്യമില്ല," - വാർത്ത ഏജൻസിയായ എഎൻഐയോട് യോഗി ആദിത്യനാഥ് പറഞ്ഞു.
ലഖ്‌നൗ: കൊവിഡിൻ്റെ ഒമിക്രോൺ വകഭേദം അതിവേഗം പടരുമെങ്കിലും അതുമൂലം ഉണ്ടാവുന്നത് വൈറൽ പനി പോലെയുള്ള നേരിയ രോഗങ്ങളാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് (Yogi Adithyanath about Omicron) . "ഒമിക്രോൺ വേഗത്തിൽ പടരുന്നു, പക്ഷേ വളരെ നിസാരമായ അനുബന്ധരോഗങ്ങളേ അതുമൂലമുള്ളൂ. ഈ കൊവിഡ് വകഭേദം വളരെ ദുർബലമാണ്. ഇത് വൈറൽ പനി പോലെയാണ്, പക്ഷേ മുൻകരുതലുകൾ ആവശ്യമാണ്. എന്നിരുന്നാലും, പരിഭ്രാന്തരാകേണ്ട ആവശ്യമില്ല," - വാർത്ത ഏജൻസിയായ എഎൻഐയോട് യോഗി ആദിത്യനാഥ് പറഞ്ഞു.
കൊവിഡിൻ്റെ ഡെൽറ്റ വകഭേദത്തേക്കാൾ മാരകമല്ല ഒമിക്രോറെണെന്നും വൈറസ് ബാധിതർക്ക് നാലോ അഞ്ചോ ദിവസത്തിൽ തന്നെ രോഗമുക്തിയുണ്ടാവുന്നുണ്ടെന്നും യോഗി പറഞ്ഞു. "മാർച്ച്-ഏപ്രിൽ കാലത്ത് വ്യാപിച്ച ഡെൽറ്റ വകഭേദത്തിൽ രോഗബാധിതർ സുഖം പ്രാപിക്കാൻ 15-25 ദിവസമെടുക്കുന്നതായിട്ടാണ് കണ്ടത്. സങ്കീർണമായ പല അനുബന്ധരോഗങ്ങളും രോഗികൾക്ക് അനുഭവപ്പെട്ടിരുന്നു. എന്നാൽ ഒമിക്രോണിൽ അത്തരം പ്രശ്നങ്ങളില്ല. കൊവിഡ് അന്തിമഘട്ടത്തിലെന്നും, അധികം വൈകാതെ അവസാനിക്കുമെന്നും യോഗി പറഞ്ഞു.
നവംബർ അവസാനത്തോടെയാണ് ഇന്ത്യയിൽ ആദ്യമായി ഒമിക്രോൺ സ്ഥീരികരിച്ചത്. യുപിയിൽ ഇതുവരെ എട്ട് പേർക്കാണ് ഒമിക്രോൺ ബാധയുണ്ടായത്. ഇതിൽ നാല് പേർ രോഗമുക്തി നേടി. ബാക്കിയുള്ളവർ നിലവിൽ ചികിത്സയിലാണ്. ഈ വർഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തർപ്രദേശ്.
ബിജെപി, കോൺഗ്രസ് തുടങ്ങിയ പാർട്ടികളും സമാജ്‌വാദി പാർട്ടി, ബിഎസ്പി തുടങ്ങിയ പ്രാദേശിക പാർട്ടികളും ദേശീയരാഷ്ട്രീയത്തിൽ തന്നെ ഏറെ നിർണായകമായ ഉത്തർപ്രദേശിൽ അധികാരം പിടിക്കാൻ രംഗത്തുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നില്ലെങ്കിലും സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചൂട് സജീവമാണ്. രാഷ്ട്രീയ പ്രചാരണങ്ങളിലും റാലികളിലും കൊവിഡ് നിയന്ത്രണങ്ങളുടെ വ്യാപകമായ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച യോഗത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് കൃത്യസമയത്ത് തന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്ന നിലപാടാണ് രാഷ്ട്രീയ പാർട്ടികൾ സ്വീകരിച്ചത്. കൊവിഡ് രണ്ടാം തംരഗത്തിൽ വലിയ പ്രതിസന്ധി നേരിട്ട സംസ്ഥാനമാണ് യുപി. രാജ്യത്തേറ്റവും ജനസംഖ്യയുള്ള സംസ്ഥാനത്തെ പകുതിയിലേറെ പേരും രണ്ട് ഡോസുകളും എടുത്തവരാണ്.
