ശ്രീനഗർ: ജമ്മു കശ്മീരിലെ വിവിധ മേഖലകളിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. കഴിഞ്ഞ രാത്രിയാണ് സംഭവം. പാകിസ്ഥാൻ നടത്തിയ വെടിവെയ്പ്പിൽ ഒരു ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. 

കരസേനാ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പാകിസ്ഥാൻ്റെ പ്രകോപനത്തിന് സുരക്ഷസേന ശക്തമായി മറുപടി നൽകിയതോടെ രാത്രി വൈകിയും അതിർത്തിയിൽ വെടിവെപ്പ് തുടർന്നതായാണ് വിവരം. 

കഴിഞ്ഞ പല ആഴ്ചകളിലായി നൂറിലേറെ തീവ്രവാദികളെയാണ് കശ്മീരിൽ വിവിധ ഓപ്പറേഷനുകളിലൂടെ സുരക്ഷാസൈന്യം വധിച്ചത്. കഴിഞ്ഞ ദിവസം ഷോപ്പിയാനിൽ നടന്ന സൈനിക ഓപ്പറേഷനിൽ കൊല്ലപ്പെട്ട തീവ്രവാദികളിലൊരാൾ പാകിസ്ഥാൻ പൗരനാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു.