ണം പിന്‍വലിച്ച എടിഎം കണ്ടെത്തിയ പൊലീസ് ഇവിടുത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ദിനേശ് മാലിയുടെ അറസ്റ്റിലേക്ക് എത്തിച്ചേര്‍ന്നത്.  ദിനേശ് മാലിക്ക് ഉദയ്‌പുരിൽ വാട്ടർ പ്യൂരിഫയറുകളുടെ വിൽപ്പനയാണ് ജോലി. 

ദില്ലി: സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ആർ.എം. ലോധയിൽ നിന്ന് ഓൺലൈൻ തട്ടിപ്പുകാർ ഒരു ലക്ഷം രൂപ കവർന്ന കേസിൽ ഒരാള്‍ അറസ്റ്റില്‍. രാജസ്ഥാൻ സ്വദേശി ദിനേശ് മാലിയാണ് ഉദയ്‌പുരിൽ നിന്ന് അറസ്റ്റിലായത്. പണം പിന്‍വലിച്ച എടിഎം കണ്ടെത്തിയ പൊലീസ് ഇവിടുത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ദിനേശ് മാലിയുടെ അറസ്റ്റിലേക്ക് എത്തിച്ചേര്‍ന്നത്. ദിനേശ് മാലിക്ക് ഉദയ്‌പുരിൽ വാട്ടർ പ്യൂരിഫയറുകളുടെ വിൽപ്പനയാണ് ജോലി. 

ജസ്റ്റിസ് ലോധയുടെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ജസ്റ്റിസ് ബി പി സിംഗിന്‍റെ ഇ-മെയിൽ ഹാക്ക് ചെയ്ത് വ്യാജ സന്ദേശം അയച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. ഫോൺ വിളിച്ചാൽ കിട്ടില്ലെന്നും അടിയന്തരമായി ഒരു ലക്ഷം രൂപ വേണമെന്നുമായിരുന്നു സന്ദേശം. ഇത് സംബന്ധിച്ച് കഴിഞ്ഞ ഏപ്രിൽ മാസം 19 നാണ് സന്ദേശമെത്തിയത്. രക്താർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ജസ്റ്റിസ് ബി പി സിംഗിന്‍റെ ബന്ധുവിന്‍റെ ചികിത്സാ സഹായത്തിന് എന്ന പേരിലായിരുന്നു ജസ്റ്റിസ് ആർ.എം. ലോധയില്‍ നിന്ന് തട്ടിപ്പുകാർ പണം ആവശ്യപ്പെട്ടത്.

അറസ്റ്റിലായ ദിനേശ് മാലിയുടെ കൂട്ടാളി മുകേഷിനായി പോലീസ് തിരച്ചിൽ നടത്തുകയാണ്. ലോധയിൽ നിന്ന് പണം സ്വീകരിച്ച അക്കൗണ്ടിന്‍റെ വിവരം തേടി ഡൽഹി പോലീസ് ഉദയ്‌പുരിലെത്തി നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ദിനേശ് മാലി അറസ്റ്റിലാകുന്നത്. മുകേഷാണ് തട്ടിപ്പിന്‍റെ സൂത്രധാരനെന്നാണ് പൊലീസിന്‍റെ പ്രാഥമിക വിവരം.

തന്‍റെ ബാങ്ക് അക്കൗണ്ട് വഴി നടക്കുന്ന ഓരോ ഇടപാടുകൾക്കും മുകേഷ് 1000 രൂപ തരാറുണ്ടായിരുന്നെന്ന് ദിനേശ് പൊലീസിനോട് പറഞ്ഞു. ഇയാളുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതിൽ നിന്ന് രാജ്യത്തിന്‍റെ വിവിധഭാഗങ്ങളിൽ നിന്നായി 4.5 ലക്ഷം രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തി. എന്നാല്‍ തട്ടിയെടുത്ത പണം കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കണ്ടെടുത്തിട്ടില്ല. ജസ്റ്റിസ് ബി പി സിംഗിന്‍റെ ഇ മെയില്‍ ഹാക്ക് ചെയ്ത സംഘത്തെ കണ്ടെത്താന്‍ പൊലീസ് ജിമെയിലുമായി ബന്ധപ്പെടുകയും വിവരങ്ങള്‍ തേടുകയും ചെയ്തിരുന്നു. 

ജസ്റ്റിസ് ലോധയ്ക്ക് പണം നൽകേണ്ട അക്കൗണ്ട് നമ്പറും ഇവര്‍ ഓണ്‍ലൈനിലൂടെ നൽകിയിരുന്നു. 95,000 രൂപയോ ഒരു ലക്ഷം രൂപയോ ചികിത്സയ്ക്കായി വേണമെന്നായിരുന്നു ഇ മെയിലിലെ ആവശ്യം. ഉടൻ തന്നെ ലോധ രണ്ടു തവണകളായി 50,000 രൂപ വീതം ഒരു ലക്ഷം രൂപ നൽകി. പിന്നീട്, മേയ് 30-ന് അതേ മെയിലിൽ നിന്ന് മറ്റൊരു സന്ദേശം ലഭിച്ചപ്പോഴാണ് കബളിക്കപ്പെട്ട വിവരം ലോധ അറിഞ്ഞത്. തന്‍റെ മെയിൽ ഹാക്ക് ചെയ്യപ്പെട്ടെന്നും ഇപ്പോഴാണ് ശരിയായതെന്നുമായിരുന്നു സന്ദേശത്തിൽ. തുടർന്ന് ഇരുവരും നേരിട്ട് ബന്ധപ്പെട്ട് ഇക്കാര്യം സ്ഥിരീകരിച്ച ശേഷം പൊലീസിൽ പരാതി നൽകുകയായിരുന്നു.