ചെന്നൈ: തമിഴ്നാട്ടിലെ ട്രിച്ചിയിൽ ജല്ലിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ ഒരു സ്ത്രീ മരിച്ചു. ട്രിച്ചി സൂര്യയൂരിൽ ജല്ലിക്കെട്ട് കാണാനെത്തിയ ജ്യോതി ലക്ഷ്മിയാണ് മരിച്ചത്. കാഴ്ചക്കാർക്ക് ഇടയിലേക്ക് കാള ഓടി കയറിയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ട്രിച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഇന്നലെ മധുരയിൽ ജെല്ലിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ 32 ഓളം പേർക്ക് പരിക്കേറ്റിരുന്നു. ഇവരില്‍ ഗുരുതരമായി പരിക്കേറ്റ നാല് പേരെ മധുര സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

തമിഴ്നാട്ടില്‍ പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ജല്ലിക്കെട്ട് മത്സരം കാണാൻ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. സംസ്ഥാനത്തിന്‍റെ തെക്കന്‍ ജില്ലകളില്‍ മൂന്ന് ദിവസത്തോളമാണ് ജല്ലിക്കെട്ട് മത്സരം. മത്സരത്തിനിടെ അപകടങ്ങളുണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിദേശികള്‍ ഉള്‍പ്പടെ ആയിരങ്ങളാണ് ജല്ലിക്കെട്ട് കാണാന്‍ തമിഴ്നാട്ടിലേക്ക് എത്തുന്നത്. ജില്ലാ കളക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ വിപുലമായ ക്രമീകരണങ്ങളോടെയാണ് മത്സരം.