Asianet News MalayalamAsianet News Malayalam

ശക്തി കൂട്ടി ആഞ്ഞടിച്ച് ഫോനി ചുഴലിക്കാറ്റ്; ഒഡീഷയില്‍ ഒരു മരണം

പുരിയിൽ ചുഴലിക്കാറ്റ് വീശുന്നത് 245 കിലോമീറ്റർ വരെ വേഗത്തിൽ. തിരമാലകൾ 9 മീറ്റർ വരെ ഉയരത്തിൽ. നിരവധി വീടുകൾ വെള്ളത്തിനടിയിലായി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഹെൽപ്പ് ലൈൻ നമ്പര്‍: 1938

One death in Fani Cyclone at odisha
Author
Odisha, First Published May 3, 2019, 12:44 PM IST

ഭുവനേശ്വര്‍/കൊല്‍ക്കത്ത: ഫോനി ചുഴലിക്കാറ്റിൽ ഒഡീഷയിൽ ഒരാൾ മരിച്ചു. മരം ദേഹത്ത് വീണാണ് മരണം സംഭവിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ആന്ധ്രാപ്രദേശ് തീരത്ത് നിന്നും ഫോനി ചുഴലിക്കാറ്റ് പൂര്‍ണമായും നീങ്ങിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.  ഇപ്പോൾ പൂർണ്ണമായും ഒഡീഷയിലാണ് ചുഴലിക്കാറ്റ്  ഉള്ളത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒഡീഷ തീരത്ത് വെള്ളപ്പൊക്കം ഉണ്ടായി. ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒഡീഷയിൽ മരങ്ങൾ കടപുഴകി, വീടുകൾ തകർന്നു. 

240 കിമീ വേ​ഗതയിൽ ഫോനി ഒഡീഷന്‍ തീരത്ത് എത്തിയതോടെ അതീവജാഗ്രതയിലാണ് ഇന്ത്യയുടെ കിഴക്കന്‍ തീരം. ആന്ധ്രാപ്രദേശിലെ മൂന്ന് ജില്ലകളെയാണ് ഫോനി ബാധിച്ചത്. കാറ്റ് തീരം വിട്ടതിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചിട്ടുണ്ട്. പശ്ചിമബംഗാള്‍ ഭാഗത്തേക്കാണ് ഫോനി ചുഴലിക്കാറ്റ് നീങ്ങുന്നത്. ചുഴലിക്കാറ്റ് അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്ക് കൂടി അതിശക്തമായി തുടരും എന്നാണ് മുന്നറിയിപ്പ്. ഒഡീഷയിലൂടെ നീങ്ങുന്ന കാറ്റ് പതിയെ പശ്ചിമബംഗാളിലേക്ക് എത്തും എന്നാണ് വിവരം. അവിടെ നിന്നും തീവ്രത കുറഞ്ഞ് കാറ്റ്  ബംഗ്ലാദേശിലേക്ക് കടക്കും. അവിടെ നിന്നും ആസാം വഴി വീണ്ടും ഇന്ത്യയിലേക്ക് പ്രവേശിക്കും. ആസാം എത്തുമ്പോഴേക്കും കാറ്റ് ന്യൂനമര്‍ദ്ദമായി മാറും. കര തൊടുന്നതോടെ കാറ്റിന്‍റെ തീവ്രത കുറഞ്ഞു തുടങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

ചുഴലിക്കൊടുങ്കാറ്റിന്‍റെ വരവ് കണക്കിലെടുത്ത് ഭുവനേശ്വര്‍ വിമാനത്താവളം ഇന്നലെ തന്നെ അടിച്ചിട്ടിരുന്നു. ചുഴലിക്കാറ്റ് ഒഡീഷന്‍ തീരത്ത് എത്തിയതോടെ കൊല്‍ക്കത്ത വിമാനത്താവളവും ഇന്ന് അടച്ചിട്ടും. കൊല്‍ക്കത്തയില്‍ നിന്നുള്ള 200 ഓളം വിമാനങ്ങള്‍ ഇതിനോടകം റദ്ദാക്കി കഴിഞ്ഞു.  കിഴക്കന്‍-കിഴക്കന്‍ പടിഞ്ഞാറന്‍ മേഖലകളില്‍ നിന്നുള്ള 250-ഓളം തീവണ്ടികള്‍ ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്. ഫലത്തില്‍ കിഴക്കന്‍ മേഖല ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ്. 

1999-ല്‍ 260 കിമീ വേഗതയില്‍ അടിച്ച സൂപ്പര്‍ ചുഴലിക്കാറ്റില്‍ പതിനായിരത്തോളം പേരാണ് ഒഡീഷയില്‍ മാത്രം മരിച്ചത്. അത്തരമൊരു സാഹചര്യം ഇക്കുറി ഉണ്ടാവാതെ നോക്കാനാണ് ഒഡീഷ സര്‍ക്കാര്‍ ശ്രമിക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പതിനൊന്ന് ലക്ഷത്തിലേറെ പേരെ ഒഡീഷയില്‍ നിന്നും മാത്രം മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടക്കാനാരിക്കുന്ന പശ്ചിമബംഗാളില്‍ പ്രചാരണം നിര്‍ത്തിവച്ചാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്. 

5000ത്തോളം ദുരിതാശ്വാസ ക്യാംപുകളാണ് സംസ്ഥാനത്ത് ആകെ ഒരുക്കിയിട്ടുള്ളത്. ഗജം ജില്ലയില്‍  നിന്നും മാത്രം 3 ലക്ഷം പേരെ ഒഴിപ്പിച്ചു. പുരിയില്‍ ഒന്നര ലക്ഷം പേരേയും മാറ്റിപാര്‍പ്പിച്ചു. 24 മണിക്കൂര്‍ എങ്കിലും വീടിനുള്ളില്‍ സുരക്ഷിതരായി തുടരണം എന്നാണ് പൊതുജനങ്ങള്‍ക്ക് കിട്ടിയ നിര്‍ദേശം. ചുഴലിക്കാറ്റ് തീരത്തേക്ക് അടുത്തപ്പോള്‍ മുതല്‍ മേഖലയില്‍ കനത്ത മഴയും കാറ്റുമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം, ഒഡീഷയിലെ ഗോപാല്‍പുര്‍,പുരി, ഭുവനേശ്വര്‍, പാരാദ്വീപ്, ചന്ദാബലി, ബാലാസോര്‍, കലിംഗപട്ടണം, എന്നിവിടങ്ങളിലെല്ലാം ശക്തമായ മഴയും കാറ്റും ലഭിച്ചു. ആയിരക്കണക്കിന് മരങ്ങള്‍ ഇവിടെ വേരോടെ പിഴുതറിയപ്പെട്ടു എന്നാണ് വിവരം. 

ന്യൂനമര്‍ദ്ദം രൂപം കൊണ്ട ഘട്ടത്തില്‍ തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും കേരളത്തിലുമായിരുന്നു കൂടുതല്‍ ജാഗ്രത പാലിച്ചതെങ്കില്‍ പിന്നീടുള്ള ദിവസങ്ങള്‍ ചുഴലിക്കാറ്റ് കിഴക്കന്‍ ദിക്കിലേക്ക് തിരിഞ്ഞതോടെയാണ് ഒഡീഷയും ബംഗാളിലും രക്ഷാപ്രവര്‍ത്തനം ശക്തമാക്കിയത്. ദുരന്തനിവാരണസേന, കരനാവികവ്യോമ സേനകള്‍, കോസ്റ്റ് ഗാര്‍ഡ് തുടങ്ങി എല്ലാ സേനാവിഭാഗങ്ങളും യുദ്ധക്കാലടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് സജ്ജരായി നില്‍ക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഹെൽപ്പ് ലൈൻ നമ്പര്‍: 1938

Follow Us:
Download App:
  • android
  • ios