കണ്ണൂർ പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിലാണ് അപകടം. ബോംബ് കൈകാര്യം ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകൻ്റെ കൈപ്പത്തി ചിതറിപ്പോവുകയായിരുന്നു. 

കണ്ണൂർ: കണ്ണൂർ പിണറായില്‍ ബോംബ് കയ്യില്‍നിന്ന് പൊട്ടി സിപിഎം പ്രവര്‍ത്തകന് ഗുരുതര പരിക്ക്. വലത് കൈപ്പത്തി ചിതറിയ വിപിന്‍ രാജിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഓലപ്പടക്കം പൊട്ടിയെന്നാണ് സിപിഎം വിശദീകരണം. അതേസമയം, പാനൂരില്‍ സിപിഎം സൈബർ ഗ്രൂപ്പുകള്‍ ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കൊലവിളി തുടരുകയാണ്. ബോംബ് എറിയുന്ന ദൃശ്യങ്ങൾ ഉള്‍പ്പടെ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. സിപിഎം ആയുധം താഴെ വെക്കണമെന്ന് കെപിസിസി പ്രസിഡ‍ന്‍റ് ആവശ്യപ്പെട്ടു

ഉച്ചയ്ക്ക് രണ്ടരയോടെയാണ് പിണറായി വെണ്ടുട്ടായില്‍ സ്ഫോടനമുണ്ടായത്. കനാല്‍ക്കരയില്‍ ആളൊഴിഞ്ഞ ഭാഗത്തുണ്ടായ ഉഗ്ര സ്ഫോടനത്തിലാണ് സിപിഎം പ്രവര്‍ത്തകനായ വിരിന്‍ രാജിന്‍റെ വലത് കൈപ്പത്തിക്ക് സാരമായി പരിക്കേറ്റത്. ഉടന്‍ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചു. ഓലപ്പടക്കം പൊട്ടിക്കുമ്പോള്‍ അപകടമുണ്ടായെന്നാണ് ആശുപത്രിയിലും പൊലീസിനോടും പറഞ്ഞത്. എന്നാല്‍, പാനൂര്‍ ഉള്‍പ്പടെയുളള മേഖലയില്‍ പ്രയോഗിക്കാന്‍ സിപിഎം വ്യാപകമായി ബോംബ് നിര്‍മിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇന്നലെ രണ്ട് നാടന്‍ ബോംബുകള്‍ കണ്ടെടുത്തിരുന്നു. അക്രമികളെ സിപിഎമ്മും പൊലീസും സംരക്ഷിക്കുകയാണെന്നും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന സിപിഎം ശൈലി അപമാനകരമാണെന്നും കെപിസിസി അധ്യക്ഷന്‍ കുറ്റപ്പെടുത്തി.

നാലാം ദിവസവും പാനൂർ പാറാട് മേഖലയിൽ രാഷ്ട്രീയ സംഘർഷാവസ്ഥ തുടരുമ്പോൾ എരിരീതിയിൽ എണ്ണയൊഴിക്കുകയാണ് സിപിഎം സൈബർ ഗ്രൂപ്പുകൾ. സ്റ്റീൽ ബോംബ് എറിയുന്ന ദൃശ്യങ്ങൾക്ക് പോസ്റ്റ് ചെയ്തതിനൊപ്പം ഭീഷണി ഇങ്ങനെയാണ് " പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല." നൂഞ്ഞബ്രം സഖാക്കൾ എന്ന അക്കൗണ്ട് വഴിയും കൊലവിളിയുണ്ട്. ഇന്നലെ വിജയാഹ്ലാദത്തിനിടെ പാറാടുള്ള സിപിഎം സ്തൂപം ലീഗ് പ്രവർത്തകർ അടിച്ചു തകർത്തിരുന്നു. ഇവരെ കബറടക്കുമെന്നാണ് സോഷ്യൽ മീഡിയ വഴിയുള്ള ഭീഷണി. മേഖലയിൽ സംഘർഷ സാധ്യതയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പാനൂര്‍ കുന്നോത്തുപറമ്പ് പഞ്ചായത്ത്, യുഡിഎഫ് പിടിച്ചെടുത്തതിന് ശേഷം നടന്ന ആഹ്ലാദ പ്രകടനത്തിലേക്ക് സിപിഎം പ്രവർത്തകർ അതിക്രമിച്ച് എത്തിയതാണ് മേഖലയിലെ സംഘർഷത്തിന്‍റെ തുടക്കം.

YouTube video player