Asianet News MalayalamAsianet News Malayalam

ഉള്ളിപ്പാടത്ത് നിന്ന് സര്‍ക്കാറിന് ആശ്വാസ വാര്‍ത്ത; അധികം വൈകാതെ വില താഴും

ഉള്ളി വില ശരാശരി 160 കടന്നതോടെ ഇറക്കുമതി ചെയ്യാന്‍ നിര്‍ബന്ധിതമായി. തുര്‍ക്കി, ഈജിപ്ത്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഉള്ളി ഇറക്കുമതി ചെയ്ത് വില 60 രൂപയിലെത്തിച്ചത്. 

Onion production will increase this year
Author
New Delhi, First Published Jan 27, 2020, 6:02 PM IST

ദില്ലി: ഉള്ളിവിലക്കയറ്റത്തില്‍ കൈപൊള്ളിയ സര്‍ക്കാറിന് ആശ്വാസമായി റിപ്പോര്‍ട്ട്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഉള്ളി ഉല്‍പാദനം ഏഴ് ശതമാനം വര്‍ധിക്കും. 24.45 മില്ല്യണ്‍ ടണ്‍ ഉള്ളി ഉല്‍പാദനമുണ്ടാകുമെന്നും താമസിയാതെ വില സാധാരണ  നിലയിലേക്കെത്തുമെന്നും കൃഷി മന്ത്രാലയം വ്യക്തമാക്കി. ഈ വര്‍ഷം ഉള്ളികൃഷി 12.20 ലക്ഷം ഹെക്ടറില്‍ നിന്ന് 12.93 ലക്ഷം ഹെക്ടറായി ഉയര്‍ന്നു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 22.81 മില്ല്യണ്‍ ടണ്‍ ആയിരുന്നു ഉള്ളി ഉല്‍പാദനം. കനത്ത മഴയെത്തുടര്‍ന്ന് മഹാരാഷ്ട്രയിലും ഉത്തരേന്ത്യയിലും ഖാരിഫ് ഉള്ളി വിളവ് ക്രമാതീതമായി കുറഞ്ഞതാണ് രാജ്യത്തെ ഉള്ളിവില കുതിക്കാനുള്ള കാരണമായി സര്‍ക്കാര്‍ പറയുന്നത്.

ഉള്ളി വില ശരാശരി 160 കടന്നതോടെ ഇറക്കുമതി ചെയ്യാന്‍ നിര്‍ബന്ധിതമായി. തുര്‍ക്കി, ഈജിപ്ത്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഉള്ളി ഇറക്കുമതി ചെയ്ത് വില 60 രൂപയിലെത്തിച്ചത്. ഉരുളക്കിഴങ്ങ്, , തക്കാളി ഉല്‍പാദനത്തിലും വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 51.94 മില്ല്യണ്‍ ടണ്‍ ഉരുളക്കിഴങ്ങ്  ഈ സാമ്പത്തിക വര്‍ഷം ഉല്‍പാദിപ്പിച്ചേക്കും. അതേസമയം, പച്ചക്കറി ഉല്‍പാദനം പ്രതീക്ഷിച്ച നിലയില്‍ എത്തില്ല. ബീന്‍സ്, മത്തങ്ങ, കോവയ്ക്ക എന്നിവയുടെ ഉല്‍പാദനം കുറയും. മാമ്പഴം, വാഴപ്പഴം, മുന്തിരി ഉല്‍പാദനത്തിലും കുറവുണ്ടാകും. മൊത്തം പഴ ഉല്‍പാദനം 97.9 മില്ല്യണ്‍ ടണ്ണില്‍ നിന്ന് 95.74 മില്ല്യണ്‍ ടണ്ണായി കുറയും.  തേങ്ങ, കശുവണ്ടി എന്നിവയുടെ ഉല്‍പാദനത്തിലും നേരിയ വര്‍ധനവുണ്ടാകും. 

ഉള്ളി വില ക്രമാതീതമായി വര്‍ധിച്ചത് സര്‍ക്കാറിന് ചെറുതല്ലാത്ത തലവേദനയായിരുന്നു. ഉള്ളി വില വര്‍ധനയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍റെ പാര്‍ലമെന്‍റിലെ പരാമര്‍ശവും വിവാദമായി. ശരാശരി 20 രൂപയില്‍ നിന്നാണ് ഉള്ളിവില 200 രൂപയിലെത്തിയത്. ഇപ്പോള്‍ 60 രൂപയാണ് ശരാശരി വില. 

Follow Us:
Download App:
  • android
  • ios