കൊല്‍ക്കത്ത: ദിനംപ്രതി ഉള്ളിവില കുതിച്ചുയരുമ്പോൾ രാജ്യത്തെ പല സംസ്ഥാനങ്ങളിലെയും മോഷ്ടാക്കൾ ലക്ഷ്യമാക്കുന്നത് ഉള്ളിയാണ്. ഉത്തർപ്രദേശിലും പശ്ചിമബം​ഗാളിലും നടന്ന രണ്ട് മോഷണങ്ങളിലായി 70 കിലോ ഉള്ളിയാണ് മോഷ്ടാക്കൾ കൊണ്ടുപോയതെന്ന് പൊലീസ് വ്യക്തമാക്കുന്നു. 

ഉത്തർപ്രദേശിലെ ​ഗോരഖ്പൂരിൽ ബൈക്കിലെത്തിയ മോഷ്ടാക്കളാണ് അമ്പത് കിലോയുടെ ഒരു ചാക്ക് ഉള്ളിയുമായി കടന്നു കളഞ്ഞത്. ഹോട്ടലിലേക്ക് ഉന്തുവണ്ടിയിൽ ഉള്ളിയുമായി വന്നപ്പോഴാണ് സംഭവം. ഫിറോസ് അഹമ്മദ് റയീൻ എന്നയാളുടെ ഹോട്ടലിലേക്ക് കൊണ്ടുവന്ന ഉള്ളിച്ചാക്കുകളിലൊന്നാണ് മോഷ്ടിക്കപ്പെട്ടത്. മറ്റൊരു കടയിൽ ഉള്ളി കൊടുക്കാൻ പോയ സമയത്ത് ബൈക്കിലെത്തിയ രണ്ട്പേർ അമ്പത് കിലോയുടെ ഒരു ചാക്ക് തട്ടിയെടുക്കുകയായിരുന്നു. പൊലീസിൽ രേഖാമൂലം പരാതി നൽകതിയിട്ടുണ്ടെന്ന് ഫിറോസ് അഹമ്മദ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

മറ്റൊരു ഉള്ളി മോഷണം നടന്നിരിക്കുന്നത് പശ്ചിമബം​ഗാളിലാണ്. സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സുഫാൽ ബം​ഗ്ലാ സ്റ്റോറിൽ നിന്നാണ് ഇരുപത് കിലോ ഉള്ളി മോഷണം പോയിരിക്കുന്നത്. ഇവിടെ നിന്ന് സബ്സിഡി നിരക്കിലാണ് ഉള്ളി വിറ്റുകൊണ്ടിരുന്നതെന്ന് അധികൃതർ വ്യക്തമാക്കി.