ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ മുഖ്യമന്ത്രി  നിതീഷ് കുമാറിനെതിരെ സവാളയേറ്. പട്നയില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ മധുബനിയിലെ ഹര്‍ലാഖി പ്രദേശത്തെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു സംഭവം. പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് ജോലി നല്‍കുമെന്ന് നിതീഷ് കുമാര്‍ സംസാരിക്കുന്നതിനിടയിലാണ് ഉള്ളിയേറുണ്ടായത്. ഉള്ളിയേറുണ്ടായതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിതീഷ് കുമാറിന് കവചം തീര്‍ത്തു. 

സവാളയേറ് നടത്തിയ ആളെ കണ്ടുപിടിക്കാനായി പൊലീസുകാര്‍ ശ്രമിച്ചപ്പോള്‍ നിതീഷ് കുമാര്‍ അവരെ തടഞ്ഞു. ഇനിയും എറിയൂ. ഇനിയും എറിയൂ എന്നായിരുന്നു സവാളയേറുണ്ടായതിന് പിന്നാലെ നിതീഷ് കുമാര്‍ പറഞ്ഞത്. സവാളയേറിലേക്ക് ശ്രദ്ധ നല്‍കേണ്ട എന്ന് പറഞ്ഞ ശേഷം നിതീഷ് കുമാര്‍ പ്രസംഗം തുടരുകയായിരുന്നു. പത്ത് ലക്ഷം തൊഴിലവസരങ്ങള്‍ നല്‍കുമെന്ന ആര്‍ജെഡി സര്‍ക്കാരിന്‍റെ വാഗ്ദാനത്തേക്കുറിച്ച് രൂക്ഷ വിമര്‍ശനമാണ് നിതീഷ് കുമാര്‍ നടത്തിയത്. 

 

അതേസമയം ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ടത്തില്‍ 53.51 ശതമാനം  പോളിംഗാണ് രേഖപ്പെടുത്തിയത്. ആദ്യഘട്ടത്തേക്കാള്‍ രണ്ട് ശതമാനത്തോളം പോളിംഗ് കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വികസനമില്ലായ്മയുടെ പേരില്‍  ബറുറാജ് മണ്ഡലത്തിലെ ചുല്‍ഹായി ബിഷ്ണുപൂര്‍ ഗ്രാമവാസികള്‍ ഒന്നടങ്കം പോളിംഗ് ബഹിഷ്ക്കരിച്ചു.