ലക്നൗ: കൊവിഡ് വ്യാപനത്തെ തുടർന്ന് വിദ്യാഭ്യാസം ഓൺലൈനാക്കാനുള്ള യുപി സർക്കാരിന്റെ തീരുമാനം അപ്രായോ​ഗികമാണെന്ന് സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. 'യാതൊരു വിധ തയ്യാറെടുപ്പുകളുമില്ലാതെ ജിഎസ്ടിയും നോട്ടുനിരോധനവും ഏർപ്പെടുത്തി. സമാനമായ രീതിയിലാണ് കുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യാസവും മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ഇതിന് നല്ല ഫലമല്ല ലഭിക്കുന്നത്. പ്രായോ​ഗികമല്ലാത്ത നടപടിയാണിത്.' അഖിലേഷ് യാദവ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 

കംപ്യൂട്ടർ, ലാപ്ടോപ്പ്, സ്മാർട്ട് ഫോൺ എന്നിവയിൽ ഒന്നില്ലാതെ ഓൺലൈൻ വിദ്യാഭ്യാസം പ്രായോ​ഗികമാകില്ല. സംസ്ഥാനത്തെ 27 ശതമാനം കുട്ടികൾക്ക് മാത്രമേ ലാപ്ടോപ്പോ സ്മാർട്ട്ഫോണോ ഉള്ളതെന്നും പകുതിയിലധികം കുട്ടികൾക്ക് ഇപ്പോഴും വൈദ്യുതിയില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു. 'കൂടാതെ വളരെ മന്ദ​ഗതിയിലുള്ള ഇന്റർനെറ്റ് കണക്ഷനാണുള്ളത്. വിദ്യാർത്ഥികളുടെ സാമൂഹിക സാമ്പത്തിക അവസ്ഥകളിലും വ്യത്യാസമുണ്ട്. അതിന്റെ ഫലമായി എല്ലാവർക്കും ഓൺലൈൻ വിദ്യാഭ്യാസം എല്ലാവർക്കും എളുപ്പമല്ല.' അഖിലേഷ് യാദവ് വ്യക്തമാക്കി. 

'സമാജ്‍വാദി പാർട്ടി അധികാരത്തിലിരുന്നപ്പോൾ 18 ലക്ഷം ലാപ്ടോപ്പുകൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.അന്ന് ബിജെപി ഇതിനെ പരിഹസിച്ചിരുന്നു. ഇന്ന് ഏറ്റവും അത്യാവശ്യമുള്ള വസ്തുവാണ് ലാപ്ടോപ്പ്. സംസ്കൃതത്തെയും സംസ്കാരത്തെയും കുറിച്ച് ബിജെപി എപ്പോഴും സംസാരിക്കുന്നു. എന്നാൽ സംസ്കൃത സ്കൂളുകളെ സർക്കാർ അവ​ഗണിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. അവ അടച്ചുപൂട്ടാൻ പോകുന്നു. അവിടെത്ത വിദ്യാർത്ഥികളുടെ കാര്യത്തിൽ ശ്രദ്ധയുണ്ടാകണം.' അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു.