തെലങ്കാന: കർണാടകയെ രക്ഷിക്കാൻ ഇനി ദൈവത്തിന് മാത്രമേ കഴിയൂ എന്ന് കര്‍ണാടക ആരോഗ്യമന്ത്രി ബി ശ്രീരാമുലു. സംസ്ഥാനത്ത് ദിനംപ്രതി കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ആശങ്കാകുലമായ പ്രതികരണം. മഹാമാരിയെ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചതായുളള വിമര്‍ശനങ്ങള്‍ക്കുളള മറുപടിയായാണ് മന്ത്രിയുടെ വാക്കുകള്‍.

​​കൊവിഡ് രോ​ഗികളുടെ എണ്ണം ​ഗുജറാത്തിനേക്കാൾ കൂടിയ സാഹചര്യമാണ് കർണാടകയിൽ. രോ​ഗികളുടെ എണ്ണം പ്രതിദിനം 3000 ത്തിൽ കൂടുതലാകുന്ന അവസ്ഥയാണിപ്പോഴുള്ളത്. കഴിഞ്ഞ കുറെ ദിവസങ്ങളായി കോവിഡ് കേസുകളുടെ എണ്ണവും  മരണസംഖ്യയും വര്‍ധിക്കുന്നുണ്ട്. സെപ്റ്റംബറിന്റെ തുടക്കത്തില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടു ലക്ഷം കടക്കുമെന്നാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് മുന്നറിയിപ്പ് നല്‍കുന്നത്. ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

ആരുടെയെങ്കിലും കൈകൊണ്ട് തടഞ്ഞു നിർത്താൻ കഴിയുന്നതല്ല കൊവിഡ് വ്യാപനമെന്നും അവരവർ തന്നെ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും ആരോ​ഗ്യമന്ത്രി ആവശ്യപ്പെട്ടു. ആ​ഗോള തലത്തിൽ വൈറസ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യമാണുള്ളത്. എല്ലാവരുെ ജാ​ഗ്രതയോടെ ഇരിക്കുക. ഭരിക്കുന്ന പാർട്ടിയെന്നോ പ്രതിപക്ഷമെന്നോ ദരിദ്രനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ വൈറസ് വ്യാപിക്കുന്നുണ്ട്. മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.