ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തിന് തിരിച്ചടി. ദില്ലിയിൽ നടന്ന നിർണായക പാർലമെൻ്റ് യോഗത്തിൽ മൂന്ന് എംപിമാർ മാത്രം പങ്കെടുത്തു. ഒൻപത് എംപിമാരിൽ ആറുപേരാണ് യോഗത്തിൽനിന്ന് വിട്ടുനിന്നത്. 

ദില്ലി: ശിവസേന ഉദ്ധവ് താക്കറെ പക്ഷം പിളർപ്പിന്റെ വക്കിൽ നിൽക്കെ, ദില്ലിയിൽ നടന്ന നിർണായക പാർലമെൻ്ററി യോഗത്തിൽ പങ്കെടുത്തത് മൂന്ന് എംപിമാർ മാത്രം. പാർട്ടിയുടെ ഒൻപത് എംപിമാരും യോഗത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് വിപ്പ് നൽകിയിരുന്നെങ്കിലും എംപിമാരായ അരവിന്ദ് സാവന്ത്, അനിൽ ദേശായ്, രാജുഭാവ് വാജെ എന്നിവർ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്. പാർട്ടിയുടെ ഏക രാജ്യസഭാ എംപിയായ സഞ്ജയ് റാവത്തും യോഗത്തിൽ പങ്കെടുത്തു. പാർട്ടി വിപ്പ് ലംഘിച്ച എംപിമാർക്ക് കാരണം കാണിക്കൽ നോട്ടീസയച്ച് അംഗത്വം റദ്ദാക്കുന്ന നടപടികളിലേക്ക് കടക്കാനാണ് ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തിൻ്റെ തീരുമാനം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യോഗത്തിൽ പങ്കെടുക്കാത്ത എംപിമാർ പാർട്ടി വിപ്പ് ലംഘിക്കുകയാണ് ചെയ്തതെന്നും നടപടി ആരംഭിച്ചുവെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. കാരണം കാണിക്കൽ നോട്ടീസ് അയച്ച് വിശദീകരണം തേടും. എംപിമാരുടെ അംഗത്വം റദ്ദാക്കുന്ന നടപടികളിലേക്ക് കടക്കുമെന്നും സഞ്ജയ് റാവത്ത് അറിയിച്ചു. ബിജെപി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും സഞ്ജയ് റാവത്ത് ആരോപിച്ചു.

ഇത് തന്ത്രമല്ല, ചതിയാണെന്നും സഞ്ജയ് റാവത്ത് വിമർശിച്ചു. അവർ ഇപ്പോഴും പാർട്ടി അംഗങ്ങളാണ്, തങ്ങളുടെ ചിഹ്നത്തിൽ വിജയിച്ചവരാണ്. അവർ പാർട്ടി വിപ്പ് ലംഘിച്ചിട്ടുണ്ടെങ്കിൽ, നിയമനടപടികൾ നേരിടും. ബിജെപി രാജ്യത്തെ, പ്രത്യേകിച്ച് മഹാരാഷ്ട്രയിലെ രാഷ്ട്രീയം വൃത്തകെട്ടതാക്കി. അതിന് വില നൽകേണ്ടിവരുമെന്നും സഞ്ജയ് റാവത്ത് വിമർശിച്ചു.

പശ്ചിമ ബംഗാളിൽ മമത ബാനർജി നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസിൽ പിളർപ്പ് ഉണ്ടായതിന് പിന്നാലെ ആണ് മഹാരാഷ്ട്രയിൽ ശിവസേന ഉദ്ധവ് താക്കറെ പക്ഷവും പ്രതിസന്ധി നേരിടുന്നത്. ഉദ്ധവ് പക്ഷത്തെ ഒൻപത് എംപിമാരിൽ ആറുപേർ സ്പീക്കറെ കണ്ട് പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അനുമതി തേടിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. മൂന്നിൽ രണ്ട് എംപിമാരും ഉദ്ധവ് പക്ഷത്തെ കൈവിട്ടതോടെ കൂറുമാറ്റ നിരോധന നിയമവും മറികടക്കാനാകും. വിമതർ ഏക്നാഥ് ഷിൻഡെ നേതൃത്വം നൽകുന്ന ശിവസേന പക്ഷത്തേക്ക് ചേക്കേറാനാണ് നീക്കം. 2022ൽ ശിവസേന, ഉദ്ധവ് താക്കറെ, ഏക്നാഥ് ഷിൻഡെ പക്ഷങ്ങളായി പിളർന്നതിന് പിന്നാലെയാണ് മറ്റൊരു പിളർപ്പ് കൂടി സംഭവിക്കുന്നത്.