ദില്ലി: ലോക്ക്ഡൗണ്‍ സമയത്ത് മദ്യശാലകള്‍ തുറക്കുന്നത് വലിയ ദുരന്തത്തിലേക്ക് നയിക്കുമെന്ന് സാഹിത്യകാരന്‍ ജാവേദ് അക്തര്‍. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വലിയ അപകടം വരുത്തുന്ന തീരുമാനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗണ്‍ സമയത്ത് മദ്യശാലകള്‍ തുറക്കുന്നത് വിനാശകരമായ ഫലങ്ങളെ ഉണ്ടാക്കൂ. അടുത്തിടയായി ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിക്കുന്നതായുള്ള സര്‍വ്വേകളാണ് പുറത്ത് വരുന്നത്.

ഈ അവസ്ഥയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മദ്യം വലിയ അപകടം വരുത്തുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. മേയ് മൂന്നിന് രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ അവസാനിച്ചതിന് ശേഷം മദ്യഷാപ്പുകൾ തുറക്കുന്നതിന് വിലക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. മദ്യവില്‍പ്പന കേന്ദ്രങ്ങൾ തുറക്കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് ഇളവ്.

ആറടി അകലം പാലിച്ചുനിന്നാകണം മദ്യം വാങ്ങേണ്ടത്. എല്ലാവര്‍ക്കും മാസ്ക്ക് നിര്‍ബന്ധമാണ്. ഒരു സമയത്ത് അഞ്ച് പേരിൽ കൂടുതൽ കടകളിൽ ഉണ്ടാകരുത്. അതേസമയം ബാറുകൾ അടഞ്ഞുതന്നെ കിടക്കും. മദ്യഷാപ്പുകളിലെ ആറടി അകലം ഉൾപ്പടെയുള്ള കേന്ദ്ര നിര്‍ദ്ദേശങ്ങൾ പാലിക്കുക സംസ്ഥാനങ്ങൾക്ക് ശ്രമകരമായിരിക്കും.

പൊതുസ്ഥലങ്ങളിൽ മദ്യം, പുകയില, പാൻമസാല എന്നിവ ഉപയോഗിക്കുന്നതിനുള്ള നിരോധനം തുടരും. സിഗരറ്റ്, പുകയില ഉല്‍പ്പന്നങ്ങള്‍, പാൻമസാല എന്നിവ വിൽക്കുന്ന കടകളും തുറക്കാം. അവിടെയും സാമൂഹ്യ അകലം നിര്‍ബന്ധമാണ്.