നാവികസേനയുടെ കപ്പലുകളും മുങ്ങിക്കപ്പലുകളും നാവികസേനാവിമാനങ്ങളും ഏത് സാഹചര്യത്തിനും തയ്യാറായിരുന്നുവെന്ന് വൈസ് അഡ്മിറൽ എ എൻ പ്രമോദ്. 

ദില്ലി: ഇന്ന് നടന്ന സംയുക്ത സേനാ വാ‍ർത്താ സമ്മേളനത്തിൽ നാവികസേനയുടെ വിവരങ്ങൾ ആദ്യമായി പുറത്ത് വിട്ട് വൈസ് അഡ്മിറൽ എ എൻ പ്രമോദ്. നാവികസേനയുടെ കപ്പലുകളും മുങ്ങിക്കപ്പലുകളും നാവികസേനാവിമാനങ്ങളും ഏത് സാഹചര്യത്തിനും തയ്യാറായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. തീവ്രവാദി ആക്രമണത്തിന് പിന്നാലെ 90 മണിക്കൂറിനകം തന്നെ പല തരത്തിലും ആയുധ സജ്ജീകരണങ്ങളുടെ പരീക്ഷണം നാവികസേന അറബിക്കടലിൽ തുടങ്ങി. സജ്ജീകരണങ്ങളുടെ തയ്യാറെടുപ്പ് ഉറപ്പാക്കാനായിരുന്നു ഇത്. അറബിക്കടലിൽ അതിന് ശേഷം നാവികസേന എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. കറാച്ചിയിൽ അടക്കം കരയിലും കടലിലും സൈനികനീക്കം നടത്തേണ്ടി വന്നാൽ അതിനും തയ്യാറായി നാവികസേന തുടർന്നു. നാവികസേന എല്ലാ തുഖമുഖങ്ങളിലും കരമേഖലകളിലും പ്രതിരോധത്തിന് തയ്യാറായിരുന്നുവെന്നും വൈസ് അഡ്മിറൽ എ എൻ പ്രമോദ്. ഇപ്പോഴും നാവികസേന എന്ത് തരത്തിലുള്ള സാഹചര്യവും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

പാക്കിസ്ഥാന്റെ എയർ റഡാർ സിസ്റ്റങ്ങളുടെ ആക്രമണം നടന്നതിന് മുമ്പും ശേഷവുമുള്ള ദൃശ്യങ്ങളടക്കം വ്യോമസേന പുറത്തുവിട്ടു. 35 മുതൽ 40 പാക്കിസ്ഥാൻ സൈനികർ മരിച്ചിട്ടുണ്ടെന്നും മരിച്ച സൈനികരുടെ എണ്ണം നോക്കിയില്ലെന്നും സംയുക്ത സേന. കാരണം അവരായിരുന്നില്ല നമ്മുടെ ലക്ഷ്യം. ഇന്നും ആക്രമണം തുടങ്ങിയാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുണ്ട്. ഏത് സാഹചര്യവും പൂർണസ്വാതന്ത്ര്യത്തോടെ നേരിടാൻ കരസേനാമേധാവിക്ക് അനുമതി നൽകി. മൂന്ന് സേനകളും സംയുക്തമായി പ്രവർത്തിച്ചു. നീതി നടപ്പാക്കിയെന്നും വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...