സ്ഥിരീകരിക്കാത്ത വിവരങ്ങളുടെ ഊഹാപോഹങ്ങളിൽ നിന്നും പ്രചാരണങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നും വ്യോമസേന അഭ്യർത്ഥിച്ചു. 

ദില്ലി : പാകിസ്ഥാനിലെ ഭീകരവാദികളുടെ താവളങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ 
ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ലെന്ന് വ്യോമസേന. ഓപ്പറേഷൻ കരുതലോടെ തുടരുന്നുവെന്നും വാർത്താസമ്മേളനം നടത്തി വിവരങ്ങൾ അറിയിക്കുമെന്നും ഇന്ത്യൻ വ്യോമസേന അറിയിച്ചു.

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ വ്യോമസേന കൃത്യതയോടെയും പ്രൊഫഷണലിസത്തോടെയും വിജയകരമായി നിർവഹിച്ചു. ഓപ്പറേഷനുകൾ ഇപ്പോഴും തുടരുന്നതിനാൽ, വിശദമായ ഒരു വിശദീകരണം യഥാസമയം നടത്തും. സ്ഥിരീകരിക്കാത്ത വിവരങ്ങളുടെ ഊഹാപോഹങ്ങളിൽ നിന്നും പ്രചാരണങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നും വ്യോമസേന അഭ്യർത്ഥിച്ചു. 

Scroll to load tweet…

പ്രധാനമന്ത്രി സേനാ മേധാവിമാരെ കണ്ടു

ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിലെ വെടിനിർത്തൽ ധാരണ പാകിസ്ഥാൻ ഇന്നലെ രാത്രി ലംഘിച്ചതിനു ശേഷമുള്ള സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സേനാ മേധാവിമാരെ കണ്ടു. പാകിസ്ഥാൻ ഇന്ന് വീണ്ടും പ്രകോപനം ഉണ്ടാക്കിയാൽ ശക്തമായി തിരിച്ചടിക്കാനാണ് നിർദ്ദേശം. വെടിനിറുത്തൽ പ്രഖ്യാപിച്ച് രണ്ട് മണിക്കൂറിനുള്ളിലാണ് പാകിസ്ഥാൻ ഇന്നലെ ഇത് ലംഘിച്ചത്. ജമ്മുകശ്മീരിൽ നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും പാകിസ്ഥാൻ ഷെല്ലിങ് നടത്തി.

ജമ്മു കശ്മീരിന് പുറമെ പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെയും പല നഗരങ്ങളിലേക്കും പാകിസ്ഥാൻ ഡ്രോണുകൾ അയച്ചു. ശക്തമായി തിരിച്ചടിക്കാൻ സൈന്യത്തിന് നിർദ്ദേശം നൽകിയെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. ആ സാഹചര്യത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടായോ എന്ന് സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അമൃത്സർ അടക്കമുള്ള നഗരങ്ങളിൽ പുലർച്ച റെഡ് അലർട്ടുണ്ടായിരുന്നു. തൽക്കാലം ജാഗ്രത തുടരും. 

ശക്തമായ തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് പാകിസ്ഥാൻ വെടിനിറുത്തലിന് തയ്യാറായത്. ഇന്നലെ രാവിലെ 9 മണിക്കും പാകിസ്ഥാൻറെ ഡിജിഎംഒ ഇതിന് സന്നദ്ധത അറിയിച്ച് സന്ദേശം നല്കിയിരുന്നു. വൈകിട്ട് നടന്ന ചർച്ചയോടെ ധാരണയായി. നദീജല കരാർ അടക്കം ഒരു കാര്യത്തിലും വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും സർക്കാർ വ്യത്തങ്ങൾ അറിയിച്ചു.