Asianet News MalayalamAsianet News Malayalam

'പലസ്തീനില്‍ സാധാരണക്കാര്‍ മരിക്കുമ്പോള്‍ ഇന്ത്യ നോക്കു കുത്തിയാകുന്നു' രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം

ഗാസയിൽ വെടിനി്ര്‍ത്തൽ ആവശ്യപ്പെടുന്ന യുഎൻ പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇന്ത്യ അമേരിക്കയുടെ ചേരിയിലാണെന്ന് വ്യക്തമായെന്ന് സിപിഎമ്മും സിപിഐയും സംയുക്ത പ്രസ്താവനയിൽ കുറ്റപ്പെടുത്തി

Opposition criticizes Indias stand on UN resolution calling for ceasefire in gaza
Author
First Published Oct 28, 2023, 8:52 PM IST

ദില്ലി: ഗാസയിൽ വെടിനി്ര്‍ത്തൽ ആവശ്യപ്പെടുന്ന യുഎൻ പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിന്നതിനെതിരെ വ്യാപക പ്രതിഷേധം. പതിറ്റാണ്ടുകളായുള്ള ഇന്ത്യയുടെ നിലപാടിൽ വെള്ളം ചേർത്തെന്ന് കോൺഗ്രസും ഇടതുപാർട്ടികളും ആരോപിച്ചു. സിപിഎം കേന്ദ്രകമ്മിറ്റി നാളെ ധർണ്ണ നടത്തും. ഹമാസിനെ അപലപിക്കാത്തതു കൊണ്ടാണ് പ്രമേയത്തിൽ നിന്ന് വിട്ടു നിന്നതെന്നാണ് സർക്കാരിൻറെ വിശദീകരണം. ഗാസയിൽ വെടിനിര്‍ത്തൽ ആവശ്യപ്പെട്ടുള്ള പ്രമേയത്തിൻറെ ചർച്ചയിൽ ഇന്ത്യ പങ്കെടുത്തിരുന്നു. സംഘർഷം പരിഹരിക്കണം എന്ന നിർദ്ദേശം വെച്ചെങ്കിലും വെടിനിര്‍ത്തൽ ഇന്ത്യ ആവശ്യപ്പെട്ടില്ല. ജോർദ്ദൻ കൊണ്ടു വന്ന പ്രമേയത്തെ അനുകൂലിക്കാതെ ഇന്ത്യ മാറി നിന്നു.

എന്നാൽ ഹമാസ് ഭീകരതയെ തള്ളിപ്പറയണം എന്ന കാനഡയുടെ നിർദ്ദേശത്തെ അനുകൂലിച്ച് ഇന്ത്യ വോട്ടു ചെയ്തു. ഇന്ത്യയുടെ നിലപാട് പ്രതിപക്ഷ പാർട്ടികളുടെ കടുത്ത വിമർശനത്തിനാണ് ഇടയാക്കുന്നത്. ഇന്ത്യ പിന്തുടർന്ന ധാർമ്മിക മൂല്യങ്ങൾക്ക് വിരുദ്ധമാണീ നിലപാടെന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. പലസ്തീനിൽ സാധാരണക്കാ‍ർ മരിക്കുമ്പോൾ ഇന്ത്യ നോക്കു കുത്തിയാകുന്നത് അംഗീകരിക്കാനാവില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഇന്ത്യ അമേരിക്കയുടെ ചേരിയിലാണെന്ന് വ്യക്തമായെന്ന് സിപിഎമ്മും സിപിഐയും സംയുക്ത പ്രസ്താവനയിൽ കുറ്റപ്പെടുത്തി. സിപിഎം പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ പാർട്ടി ആസ്ഥാനത്തിനു മുന്നിൽ നാളെ ധർണ്ണ നടത്തും. ഹമാസ് ഭീകരസംഘടനയാണോ എന്ന് കേന്ദ്രസ‍‍ർക്കാർ ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.


ഭീകരവാദം ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല എന്നതു കൊണ്ടാണ് വിട്ടുനിന്നത് എന്ന് സർക്കാർ വിശദീകരിക്കുമ്പോഴും സാർക്ക് രാജ്യങ്ങൾക്കിടയിൽ പോലും ഇന്ത്യ ഇക്കാര്യത്തിൽ ഒറ്റപ്പെടുകയാണ്. ഇന്ത്യ നിർദേശിച്ച കാര്യങ്ങൾ പ്രമേയത്തിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്നാണ് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടവര്‍ വിശദീകരിക്കുന്നത്. ഹമാസ് ഭീകരാക്രമണത്തെ കുറിച്ച് പ്രമേയത്തിൽ പരാമർശമില്ലായിരുന്നു. അതിനാലാണ് വോട്ടിംഗില്‍ നിന്ന് വിട്ടുനിന്നത്. ഭേദഗതികൾ ഉൾപ്പെടുത്തി അവതരിപ്പിച്ച പ്രമേയത്തിൽ വോട്ട് രേഖപ്പെടുത്തിയിരുന്നു. എന്നാൽ അക്കാര്യം രേഖയായില്ലെന്നുമാണ് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കിയത്.

ഇന്ത്യയുടെ നിര്‍ദേശം ഉള്‍പെടുത്തിയില്ല, യുഎന്‍ പ്രമേയത്തിന് വോട്ട് ചെയ്തില്ല,വിശദീകരണവുമായി വിദേശ മന്ത്രാലയം

Follow Us:
Download App:
  • android
  • ios