Asianet News MalayalamAsianet News Malayalam

കശ്മീരില്‍ തടങ്കലിലായ നേതാക്കളെ വിട്ടയക്കണം; പ്രമേയവുമായി പ്രതിപക്ഷം

ജനാധിപത്യപരമായ രീതിയില്‍ പ്രതിഷേധിക്കുന്നവരെ അധികാരമുപയോഗിച്ച് തടവിലാക്കുന്നത് ജനാധിപത്യത്തിന്‍റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഭരണഘടന ഉറപ്പ് നല്‍കുന്ന നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുടെ ലംഘനമാണെന്നും പ്രതിപക്ഷം കത്തില്‍ പറഞ്ഞു. 

Opposition Demands Release Of Detained leaders in Kashmir include ex-Chief ministers
Author
New Delhi, First Published Mar 9, 2020, 5:45 PM IST

ദില്ലി: കശ്മീരില്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച മുന്‍ മുഖ്യമന്ത്രിമാരടക്കമുള്ള എട്ട് രാഷ്ട്രീയ നേതാക്കളെ ഉടന്‍ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്ര സര്‍ക്കാറിനോടാവശ്യപ്പെട്ടു. മുന്‍ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുല്ല, ഒമര്‍ അബ്ദുല്ല, മെഹബൂബ മുഫ്തി തുടങ്ങിയവരെയാണ് കേന്ദ്ര സര്‍ക്കാര്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ജനാധിപത്യപരമായ രീതിയില്‍ പ്രതിഷേധിക്കുന്നവരെ അധികാരമുപയോഗിച്ച് തടവിലാക്കുന്നത് ജനാധിപത്യത്തിന്‍റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഭരണഘടന ഉറപ്പ് നല്‍കുന്ന നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുടെ ലംഘനമാണെന്നും പ്രതിപക്ഷം കത്തില്‍ പറഞ്ഞു. 

ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ ആഗസ്റ്റിന് ശേഷം നിരവധി നേതാക്കളെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ആര്‍ട്ടിക്കിള്‍ 370, 35എ എന്നിവ റദ്ദാക്കി രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്തിരുന്നു. പൊതുസുരക്ഷ നിയമപ്രകാരമാണ് നേതാക്കളെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. മെഹബൂബ മുഫ്തിയടക്കമുള്ള ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന നേതാക്കളെയും തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. നേതാക്കളെ മോചിപ്പിച്ചാല്‍ പ്രദേശത്തെ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നാണ് ബിജെപി സര്‍ക്കാറിന്‍റെ വിലയിരുത്തല്‍. 

നേതാക്കളെ തടങ്കലിലാക്കിയത് മൗലികാവകാശ ലംഘനമാണെന്നും കശ്മീരി ജനതക്ക് ഭരണഘടന നല്‍കുന്ന ഉറപ്പിന്‍റെ ലംഘനമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണനിലയിലാണെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം കള്ളമാണെന്നും പ്രതിപക്ഷം പറഞ്ഞു. 

Follow Us:
Download App:
  • android
  • ios