Asianet News MalayalamAsianet News Malayalam

'സര്‍ക്കാരിനെതിരെ സംഘടിച്ച്', കാര്‍ഷിക ബില്ലിൽ യോജിച്ച് പ്രതിപക്ഷം, 24 ന് രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ്

കാർഷിക ബില്ലിനെതിരെ 24 ന് രാജ്യവ്യാപകമായി പ്രതിഷേധിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി കർഷകരെ വഞ്ചിച്ചെന്ന് ആരോപിച്ച കോൺഗ്രസ് രണ്ട് ലക്ഷം ഒപ്പുകൾ ശേഖരിച്ച് കേന്ദ്രത്തെ പ്രതിഷേധമറിയിക്കുമെന്നും വ്യക്തമാക്കി. 

opposition in parliament against farm bill protest
Author
Delhi, First Published Sep 21, 2020, 6:47 PM IST

ദില്ലി: രാജ്യവ്യാപകമായി ഉയരുന്ന കര്‍ഷക പ്രക്ഷോഭം കേന്ദ്ര സര്‍ക്കാരിന് വലിയ തലവേദനയാവുകയാണ്. വിവിധ സംസ്ഥാനങ്ങളിലായി നടക്കുന്ന കര്‍ഷകരുടെ പ്രക്ഷോഭങ്ങൾക്ക് പുറമെ മുമ്പില്ലാത്ത രീതിയിൽ വിഷയത്തിൽ പ്രതിപക്ഷവും യോജിച്ചതാണ് കേന്ദ്രത്തിന് മുന്നിൽ കൂടുതൽ വെല്ലുവിളിയാകുന്നത്. അംഗങ്ങളെ പുറത്താക്കി കാര്‍ഷിക ബില്ലുകളുമായി മുന്നോട്ടുപോകാൻ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് പ്രതിപക്ഷം യോജിച്ച് നിലപാട് കടുപ്പിച്ചത്. ബില്ലുകൾക്ക് അംഗീകാരം നൽകരുതെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പ്രതിപക്ഷം കത്ത് നൽകിയിട്ടുണ്ട്. രാഷ്ട്രപതിയെ കാണാനും സമയം തേടിയിട്ടുണ്ട്.

അതേ സമയം കാർഷിക ബില്ലിനെതിരെ 24 ന് രാജ്യവ്യാപകമായി പ്രതിഷേധിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. പ്രധാനമന്ത്രി കർഷകരെ വഞ്ചിച്ചെന്ന് ആരോപിച്ച കോൺഗ്രസ് രണ്ട് ലക്ഷം ഒപ്പുകൾ ശേഖരിച്ച് കേന്ദ്രത്തെ പ്രതിഷേധമറിയിക്കാണ് തീരുമാനിച്ചത്.

കേന്ദ്ര സർക്കാർ സഭാ മര്യാദ പാലിക്കാതെ കാർഷിക ബില്ലുകൾ പാസാക്കി എന്ന പ്രചരണം പ്രതിപക്ഷം ശക്തമാക്കുന്നതിനിടെയാണ് എട്ട് അംഗങ്ങളെ സഭയിൽ നിന്ന് പുറത്താക്കിയത്.  ഭൂരിപക്ഷമില്ലാതിരിക്കെ വോട്ടെടുപ്പ് വേണമെന്ന ആവശ്യം അംഗീകരിക്കാത്തത് എന്തുകൊണ്ടെന്ന് വിശദീകരിക്കാതെയുള്ള നടപടി സംശയം ബലപ്പെടുത്തുന്നു എന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ബില്ലിന് അംഗീകാരം നൽകരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങൾ ഒപ്പിട്ട കത്ത് രാഷ്ട്രപതിക്ക് കൈമാറി. 

അതിനിടെ ബില്ലിനെതിരായ കര്‍ഷക സമരം കൂടുതൽ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ്. അകാലിദളിന്റെ രാജിയും, ജെജെപി, ടിആർഎസ് പാര്‍ടികളുടെ എതിർപ്പും സർക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. കാർഷിക സംസ്ഥാനമായ ബീഹാർ തെരഞ്ഞെടുപ്പിനെ നേരിടാനിരിക്കെ ബിജെപിക്കും സഖ്യകക്ഷിയായ ജെഡിയുവിനും കാർഷിക ബില്ലുകൾക്കെതിരെയുള്ള പ്രചരണങ്ങളെ മറികടക്കേണ്ടിവരും. ബില്ലുകളെ ആർഎസ്എസിന്‍റെ ഉൾപ്പടെ എല്ലാ കര്‍ഷിക സംഘടനകളും എതിർക്കുകയാണ്. തമിഴ്നാട് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലേക്കും സമരം വ്യാപിക്കുകയാണ്. 
 

Follow Us:
Download App:
  • android
  • ios