വനിതാ സംവരണ ബിൽ നടപ്പാക്കുന്നതിന്റെ ഭാഗമായി ലോക്സഭാ സീറ്റുകൾ 850 ആക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി എതിർക്കാൻ തീരുമാനിച്ചു. നിലവിലെ 543 സീറ്റുകളിൽ മൂന്നിലൊന്ന് വനിതകൾക്ക് സംവരണം ചെയ്യണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.  

ദില്ലി : വനിതാ സംവരണ ഭേദഗതി ബില്ല് നടപ്പാക്കുന്നതിന്റെ ഭാഗമായി ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ ഒറ്റക്കെട്ടായി എതിർക്കാൻ പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. ഇന്ന് ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലാണ് സർക്കാരിന്റെ തീരുമാനത്തെ ഒന്നിച്ച് എതിർക്കാൻ തീരുമാനമായത്. നിലവിലെ 543 സീറ്റുകളുടെ മൂന്നിലൊന്ന് വനിതകൾക്കായി സംവരണം ചെയ്യണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കാനാണ് പ്രതിപക്ഷ തീരുമാനം. 

ലോക്സഭയിലെ അംഗസംഖ്യ 850 ആയി ഉയർത്തുന്നത് അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. പകുതി സീറ്റുകൾ വർദ്ധിപ്പിക്കാം എന്നത് ഷെഡ്യൂളിൽ ഉൾപ്പെടുത്തിയാൽ പോലും പിന്തുണയ്ക്കില്ലെന്നാണ് റിപ്പോർട്ട്.

നിലവിലുള്ള 543 സീറ്റുകളുടെ 33 ശതമാനം വനിതകൾക്കായി നീക്കിവെച്ചാൽ മാത്രമേ ബില്ലിനെ പിന്തുണയ്ക്കൂ എന്ന് പ്രതിപക്ഷ യോഗം ഐകകണ്ഠേന തീരുമാനിച്ചു. സർക്കാരിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും, ജനസംഖ്യാടിസ്ഥാനത്തിൽ സീറ്റുകൾ വർദ്ധിപ്പിക്കുന്നത് ചില സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാകുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

ബില്ലിന് പാർലമെന്റിൽ അംഗീകാരം നേടുന്നതിനായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ പിന്തുണ സർക്കാർ തേടിയിട്ടുണ്ട്. എന്നാൽ അഖിലേഷ്, പ്രതിപക്ഷ ഐക്യത്തിനൊപ്പം നിൽക്കാനാണ് സാധ്യത. ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ സീറ്റ് വർദ്ധനവ് അനുകൂലമാകുമെങ്കിലും, ജാതി സെൻസസ് ഇല്ലാതെ ബില്ലുമായി മുന്നോട്ട് പോകുന്നത് ശരിയല്ലെന്ന നിലപാടിലാണ് അദ്ദേഹം.

ഭരണഘടനയുടെ 131-ാം ഭേദഗതിയിലൂടെയാണ് ലോക്സഭാ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനും മണ്ഡല പുനർനിർണ്ണയം നടത്താനും സർക്കാർ ലക്ഷ്യമിടുന്നത്. 2029-ലെ പൊതുതിരഞ്ഞെടുപ്പിന് മുൻപായി വനിതാ സംവരണം യാഥാർത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം. എന്നാൽ ഇത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ രാഷ്ട്രീയ മേധാവിത്വം നൽകുമെന്ന ആശങ്ക ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും പ്രതിപക്ഷവും ഉയർത്തുന്നുണ്ട്.