ജമാഅത്തെ ഇസ്ലാമിയുടെ യുഡിഎഫ് പിന്തുണയെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ നടത്തിയ പരാമർശത്തിൽ മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയുടെ യുഡിഎഫ് പിന്തുണയെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ നടത്തിയ പരാമർശത്തിൽ മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പിണറായിയും ജമാഅത്തെ ഇസ്ളാമിയും തമ്മിൽ മുമ്പ് പരസ്യമായി ചർച്ച നടത്തിയെന്ന് വി ഡി സതീശൻ ചൂണ്ടിക്കാട്ടി. സിപിഎം നേതാക്കളുടെ മുൻ പ്രസ്താവനകൾ ഉയർത്തിയാണ് പ്രതിപക്ഷ നേതാവിന്റെ മറുപടി. സിപിഎമ്മിന് പിന്തുണ കൊടുത്തപ്പോൾ വെൽഫെയർ പാർട്ടി മതേതര പാർട്ടി. യുഡിഎഫിന് പിന്തുണ നൽകുമ്പോൾ വർ​ഗീയ പാർട്ടി എന്നതാണ് സിപിഎം നിലപാടെന്ന് വിഡി സതീശൻ രൂക്ഷഭാഷയിൽ വിമർശിച്ചു.

മദനിയെ വർ​ഗീയവാദി എന്ന് വിളിച്ചവർക്ക് പിഡിപി പിന്തുണയിൽ ഒരു കുഴപ്പവുമില്ല. സിപിഎമ്മിന് ഓന്തിനെപ്പോലെ നിറം മാറുന്ന ഇരട്ടത്താപ്പാണെന്നും സതീശൻ കുറ്റപ്പെടുത്തി. വെൽഫെയർ പാർട്ടിയുമായി യുഡിഎഫ് ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും വിഡി സതീശൻ വ്യക്തമാക്കി.