മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഇന്ത്യാ സഖ്യം ദില്ലിയിൽ പ്രതിഷേധം ശക്തമാക്കി. രാജ്ഘട്ടിലേക്ക് സമാധാനപരമായി മാർച്ച് നടത്തിയ കോൺഗ്രസ് എംപിമാരെ പൊലീസ് തടഞ്ഞതോടെ വൻ സംഘർഷമുണ്ടായി. മോദിയും അമിത് ഷായും ഇന്ത്യയെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കി ഇന്ത്യാ സഖ്യം. കോൺ​ഗ്രസ് എംപിമാർ ​ഗാന്ധി സമാധിയായ രാജ്ഘട്ടിലെത്തുന്നു. ഗാന്ധിസമാധിയിൽ പോയി പ്രാർത്ഥന നടത്തും; സമാധാനപരമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ വ്യക്തമാക്കി. സമാധാനപരമായി പ്രതിഷേധം നടത്താനാണ് പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസമായി പ്രതിഷേധിക്കാൻ അനുവദിക്കുന്നില്ല. രാജ്ഘട്ടിലേക്ക് പോകാനും പോലീസ് അനുമതി നൽകിയിട്ടില്ല. ശക്തമായ പ്രതിഷേധമുണ്ടാകും. ഇന്ത്യയെ ഹൈജാക്ക് ചെയ്യാനാണ് മോദിയും അമിത് ഷായും ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങളുടെ വോട്ടവകാശം കവർന്നെടുക്കുകയാണെന്ന് ഖാർഗെ ആരോപിച്ചു. പ്രതിഷേധത്തിൽ പങ്കെടുക്കുന്നത് മുന്നൂറോളം നേതാക്കളെന്ന് രാഹുൽ പറഞ്ഞു. എംപിമാരുടെ രാജ്ഘട്ട് മാർച്ച് മിന്റോ റോഡിലേക്ക് പ്രവേശിച്ചു. മാർച്ച് ഡിഡിയു മാർഗിലേക്ക് പ്രവേശിക്കുന്നിടത്ത് പൊലീസ് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതിന് പിന്നാലെ സംഘർഷമുണ്ടായി. 100 മീറ്റർ അപ്പുറത്താണ് ബിജെപി ദേശീയ ആസ്ഥാനം. പൊലീസ് തടഞ്ഞതിന് പിന്നാലെ എംപിമാരുടെ ബസ് അജ്മീരി ഗേറ്റ് ഭാഗത്തേക്ക് നീങ്ങി.