ബയോമൈനിംഗിൽ ഉപകരാർ എടുത്ത കൊച്ചി സ്വദേശി വെങ്കിട്ട് ഒരു ബിൽ പാസാകാനായി തന്നെ വന്ന് കണ്ടുവെന്നും മേയർ സമ്മതിച്ചു. മേയറുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി.

കൊച്ചി : ബ്രഹ്മപുരം ബയോമൈനിംഗിൽ സോണ്ട ഇൻഫ്രാടെക്ക് ഉപകരാർ നൽകിയത് കൊച്ചി കോർപ്പറേഷൻ അറിയാതെയാണെന്നും, എന്നാൽ ഇതിൽ ഉടൻ നടപടിയെടുക്കാൻ കഴിയില്ലെന്നും മേയർ എം.അനിൽകുമാർ. ബയോമൈനിംഗിൽ ഉപകരാർ എടുത്ത കൊച്ചി സ്വദേശി വെങ്കിട്ട് ഒരു ബിൽ പാസാകാനായി തന്നെ വന്ന് കണ്ടുവെന്നും മേയർ സമ്മതിച്ചു. മേയറുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. 

ബയോമൈനിംഗിൽ സോൺട ഇൻഫ്രാടെക്ക് 54 കോടിയുടെ കരാർ എടുത്ത ശേഷം 22.5 കോടി രൂപക്ക് മറ്റൊരു സ്ഥാപനത്തിന് ഉപകരാർ നൽകിയതിലെ സുപ്രധാന രേഖകൾ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്നിരുന്നു. കോർപ്പറേഷൻ അറിയാതെ ഇത് പാടില്ലെന്നിരിക്കെ സോണ്ട ചെയ്ത ഗുരുതരമായ ചട്ടലംഘനത്തിൽ ഇതുവരെ നടപടിയെടുത്തിട്ടില്ല. സോൺടയെ സംസ്ഥാന സർക്കാർ സഹായിക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്. കെഎസ്ഐഡിസി വഴി വന്ന കരാർ ആയതിനാൽ കോർപ്പറേഷന് ഉടൻ നടപടിയിലേക്ക് കടക്കാനാകില്ലെന്നാണ് മേയർ നൽകുന്ന വിശദീകരണം. 

ബ്രഹ്മപുരം വിഷയത്തിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധത്തിൽ കൗണ്‍സിൽ യോഗം അലങ്കോലപ്പെട്ടു. മേയർ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കരുതെന്നാണ് പ്രധാന ആവശ്യം. അവിശ്വാസ പ്രമേയത്തിനും യുഡിഎഫ് നോട്ടീസ് നൽകി. പ്രതിപക്ഷ നീക്കത്തിൽ ആശങ്കയില്ലെന്ന് മേയർ പറഞ്ഞു. കോർപ്പറേഷന് പുറത്ത് നടന്ന കോണ്‍ഗ്രസ് പ്രതിഷേധത്തിന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നേതൃത്വം നൽകി.