ഗാന്ധിജയന്തി ദിനമായ ഇന്നാണ് ബിഹാറിലെ ജാതി സെന്‍സസിന്‍റെ കണക്കുകള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്
ഭോപാല്‍: ബിഹാറിലെ ജാതി സെൻസസ് പുറത്തുവിട്ടത്തിന് പിന്നാലെ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷം ജാതി രാഷ്ട്രീയം കളിക്കുകയാണെന്ന് നരേന്ദ്ര മോദി ആരോപിച്ചു. ഭരണത്തിലിരുന്നപ്പോഴും ജാതിയുടെ പേരില്‍ സമൂഹത്തെ വിഭജിച്ചവരാണിവരെന്നും നരേന്ദ്ര മോദി ആരോപിച്ചു,. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷത്തെ വിമര്‍ശിച്ചു രംഗത്തെത്തിയത്. ഗാന്ധിജയന്തി ദിനമായ ഇന്നാണ് ബിഹാറിലെ ജാതി സെന്‍സസിന്‍റെ കണക്കുകള്‍ ബിഹാര്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്. ഇതിനുപിന്നാലെയാണ് പ്രതിപക്ഷം ജാതി രാഷ്ട്രീയം കളിക്കുകയാണെന്ന നരേന്ദ്ര മോദിയുടെ വിമര്‍ശനം.
പുതിയ സെൻസസ് പ്രകാരം ബിഹാറിൽ പിന്നോക്ക വിഭാഗത്തിൽ 27.13 ശതമാനവും അതിപിന്നോക്ക വിഭാഗത്തിൽ 36.01 ശതമാനവും ജനങ്ങളുണ്ട്. എന്നാൽ മുന്നോക്ക വിഭാഗത്തിലാകട്ടെ 15.52 ശതമാനം പേർ മാത്രമാണുള്ളത്. ബീഹാറിലെ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് കണക്കുകൾ പുറത്തുവിട്ടത്. 'ഇന്ത്യ' മുന്നണി ജാതി സെൻസസ് നടത്തണമെന്ന് ദേശീയ തലത്തിൽ ആവശ്യമുന്നയിക്കുന്നതിനിടെയാണ് ബിഹാറിൽ നിതീഷ് കുമാർ സർക്കാർ ജാതി സെൻസസ് പുറത്തുവിടുന്നത്. രാജ്യത്ത് അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടത്തുമെന്ന് കോൺഗ്രസും രാഹുൽ ഗാന്ധിയും ഓരോ തെരഞ്ഞെടുപ്പ് യോഗങ്ങളിലും ആവർത്തിച്ച് പ്രഖ്യാപിച്ചിക്കുന്നുണ്ട്. രാജ്യത്ത് ജാതി സെൻസസ് നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിരുന്നു. ജാതി സെൻസസ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നടപ്പാക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് മല്ലികാർജ്ജുൻ ഖാർഗെയുടെ കത്തിലുണ്ട്.
Readmore...ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള കരുനീക്കി നിതീഷ് കുമാർ: ബിഹാറിലെ ജാതി സെൻസസ് കണക്കുകൾ പ്രസിദ്ധീകരിച്ചു
Readmore...ജാതിസെൻസസ് അത്യന്താപേക്ഷിതം, മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് ഉറപ്പായും വിജയിക്കും: രാഹുൽ ഗാന്ധി

