ദില്ലി: പ്രതിപക്ഷ പ്രതിഷേധ ശക്തമാകുന്നതിനിടെ പൗരത്വ നിയമഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. പ്രതിപക്ഷത്തിന്‍റെ നേതൃത്വത്തില്‍ വന്‍  പ്രതിഷേധത്തിനാണ് സഭ സാക്ഷ്യം വഹിക്കുക. ബില്ലിനെ ശക്തമായി ചെറുക്കുമെന്ന് മുസ്‍ലിംലീഗും കോൺഗ്രസും ഇടതുപക്ഷവും വ്യക്തമാക്കിയിട്ടുണ്ട്. 

പൗരത്വബില്ലിനെ എതിർത്ത് മുസ്ലിം ലീഗ്  നോട്ടീസ് നല്കി. അവതരണ വേളയിൽ എതിർക്കാനാണ് നോട്ടീസ്. പൗരത്വ ഭേദഗതി ബിൽ സഭയില്‍ അവതരിപ്പിക്കുന്ന ഇന്ന്  ഇന്ത്യയുടെ കറുത്ത ദിനമാണെന്നും മതേതര കക്ഷികൾ ബില്ലിനെ ഒന്നിച്ച് ശക്തമായി എതിർക്കുമെന്നും മുസ്‍ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

'ലീഗ് എല്ലാ പാർട്ടികളുമായും വിഷയം സംസാരിച്ചിരുന്നു. മുസ്‌ലീങ്ങള്‍ക്ക് പൗരത്വം നൽകില്ല എന്ന് പച്ചയ്ക്ക് പറഞ്ഞാണ് ബിൽ കൊണ്ടുവരുന്നത്. ബില്ലിനെ പരാജയപ്പെടുത്താൻ ലീഗിന്റെ ഭാഗത്ത് നിന്ന് മികച്ച ഏകോപനം ഉണ്ടാകും'. ബിൽ പാസായാൽ ലീഗും മറ്റ് മുസ്‍ലിം സംഘടനകളും കേസിന് പോകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
 

ബില്ലിലെ പ്രധാന വ്യവസ്ഥകൾ ഇവയാണ്

  • 2014 ന് മുമ്പ് പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ ബംഗ്ളാദേശ് എന്നിവിടങ്ങളിൽ നിന്ന് വന്ന അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നല്കും
  • മുസ്ലിംങ്ങൾ ഒഴികെയുള്ള അഭയാർത്ഥികൾക്കാവും പൗരത്വം
  • ഇന്ത്യയിലെത്തുന്ന അഭയാർത്ഥികൾ പൗരത്വം നേടാൻ കുറഞ്ഞത് 11 കൊല്ലം ഇവിടെ താമസിച്ചിരിക്കണം എന്നത് അഞ്ചു വർഷമായി കുറയ്ക്കും
  • അസമിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും പ്രത്യേക അവകാശമുള്ള മേഖലകളിൽ നിയമം ബാധകമാവില്ലപ്രവാസികളുടെ ഒസിഐ കാർഡ് ചട്ടലംഘനമുണ്ടായാൽ റദ്ദാക്കാം എന്ന വ്യവസ്ഥയും ബില്ലിലുണ്ട്

ഹൈദരാബാദിലും അസമിലും ബില്ലിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ബില്ല് ലോക്സഭയിൽ പാസാക്കാന്‍ എന്‍ഡിഎയ്ക്ക് സാധിക്കും. രാജ്യസഭയിൽ 102 പേരുടെ പിന്തുണ എൻഡിഎക്കുണ്ട്. അണ്ണാ ഡിഎംകെ, ബിജു ജനതാദൾ എന്നിവരുടെ നിലപാടാവും ഇനി നിര്‍ണായകമാകുക.