നാടുകടത്തലിനെ ന്യായീകരിച്ച വിദേശകാര്യമന്ത്രി, ഇന്ത്യയെ അറിയിച്ച് അനുമതി വാങ്ങിയ ശേഷമാണ് സൈനിക വിമാനം ഇറങ്ങിയതെന്നും സ്ത്രീകളെയും കുട്ടികളെയും വിലങ്ങുവച്ചില്ലെന്നും പാർലമെൻറിനെ അറിയിച്ചു
ദില്ലി : ഇന്ത്യക്കാരെ അമേരിക്ക സൈനിക വിമാനത്തിൽ നാടുകടത്തിയതിനെ ന്യായീകരിച്ച് പാർലമെന്റിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ നടത്തിയ പ്രസംഗത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധം. നാടുകടത്തലിനെ ന്യായീകരിച്ച വിദേശകാര്യമന്ത്രി, ഇന്ത്യയെ അറിയിച്ച് അനുമതി വാങ്ങിയ ശേഷമാണ് സൈനിക വിമാനം ഇറങ്ങിയതെന്നും സ്ത്രീകളെയും കുട്ടികളെയും വിലങ്ങുവച്ചില്ലെന്നും പാർലമെൻറിനെ അറിയിച്ചു. ഇതോടെ പ്രതിഷേധം ശക്തമാക്കിയ പ്രതിപക്ഷം 'നാണക്കേടെന്ന്' മുദ്രാവാക്യം വിളികളുമായി ലോക്സഭയുടെ നടുക്കളത്തിലിറങ്ങി പ്രതിഷേധിച്ചു.
രാജ്യസഭയും ലോക്സഭയും ഇന്ന് ചേർന്നപ്പോൾ തന്നെ അമേരിക്കയിൽ നിന്ന് നാടുകടത്തിയവരെ മനുഷ്യത്വരഹിതമായി വിലങ്ങുവച്ച് കൊണ്ടു വന്ന വിഷയം പ്രതിപക്ഷം ഉന്നയിക്കുകയായിരുന്നു. രണ്ടു മണിക്ക് നടത്തിയ പ്രസ്താവനയിലായിരുന്നു മന്ത്രിയുടെ ന്യായീകരണം.
''2009 മുതൽ 15,668 ഇന്ത്യക്കാരെ അമേരിക്ക തിരിച്ചയച്ചുവെന്ന് വിശദീകരിച്ച മന്ത്രി പക്ഷേ സൈനിക വിമാനം മുമ്പ് അമേരിക്ക ഉപയോഗിച്ചിട്ടില്ലെന്നും സമ്മതിച്ചു. പ്രത്യേക വിമാനത്തിൽ തിരിച്ചയക്കുമ്പോൾ സ്ത്രീകളും കുട്ടികളും ഒഴികെയുള്ളവരെ വിലങ്ങിടണമെന്നത് ചട്ടമാണ്, 2012ൽ കോൺഗ്രസ് കാലത്ത് അംഗീകരിച്ച ചട്ടം സഭയിൽ വയ്ക്കാമെന്നും മന്ത്രി പറഞ്ഞു. പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ, ഇന്ത്യക്കാരോട് മോശം പെരുമാറ്റം പാടില്ലെന്ന് ആവശ്യപ്പെടുമെന്നും ജയശങ്കർ അറിയിച്ചു. ഇനി എത്ര പേരെ അമേരിക്ക തിരിച്ചയക്കും, തടവിൽ എത്ര പേരുണ്ട്, നരേന്ദ്ര മോദി ട്രംപുമായി ഇക്കാര്യം ചർച്ച ചെയ്യുമോ തുടങ്ങിയ കാര്യങ്ങളിൽ പക്ഷേ മന്ത്രി മൗനം പാലിച്ചു.
ചെറിയ രാജ്യങ്ങൾ നടത്തിയ ചെറുത്തു നിൽപ്പ് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം സർക്കാരിനെ നേരിട്ടത്. ''40 മണിക്കൂറാണ് തടവുകാരെ പോലെ ചങ്ങലയാൽ ബന്ധിക്കപ്പെട്ട് കഴിഞ്ഞത്. നാടുകടത്തപ്പെട്ടവരുടെ വേദന മനസിലാക്കണമെന്നും'' രാഹുൽ ഗാന്ധി പ്രതികരിച്ചു.
''കൊളംബിയ പോലുള്ള ചെറിയ രാജ്യംപോലും സൈനിക വിമാനത്തിൽ വിലങ്ങണിയിച്ച് പൌരന്മാരെ തിരിച്ചയക്കുന്നതിനെ പ്രതിഷേധം അറിയിച്ചു. എന്തുകൊണ്ട് നിങ്ങൾക്കിത് സാധിക്കുന്നില്ലെന്ന് കോൺഗ്രസ് എംപി രൺദീപ് സുർജെവാല ചോദിച്ചു. ഇതിന് ഇന്ത്യക്കാരെ അമേരിക്ക തിരിച്ചയക്കുന്നത് ആദ്യമല്ലെന്നായിരുന്നു വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റെ മറുപടി.
വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയ്ക്കു ശേഷമുള്ള ബഹളം കാരണം ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു.
നരേന്ദ്ര മോദിയുടെ യാത്രയ്ക്കു മുമ്പ് ഇന്ത്യ അമേരിക്കയ്ക്ക് കീഴടങ്ങി എന്ന് സ്ഥാപിക്കാൻ മടങ്ങിയെത്തിയവരുടെ ദുരിതം പ്രതിപക്ഷത്തിന് അവസരമാകുകയാണ്. കുടിയേറ്റ നയം നടപ്പാക്കാൻ കൂടുതൽ അമേരിക്കൻ സൈനിക വിമാനങ്ങൾ ഉപയോഗിക്കാൻ ട്രംപ് തയ്യാറെടുക്കുമ്പോഴാണ് ഇന്ത്യയ്ക്കകത്ത് രാഷ്ട്രീയ വിവാദം കടുക്കുന്നത്.

