Asianet News MalayalamAsianet News Malayalam

സർക്കാരിനോട് യുദ്ധം പ്രഖ്യാപിച്ച് പ്രതിപക്ഷം; പ്രതിപക്ഷ നിരയിലെ അനൈക്യത്തിൻറെ ആശ്വാസത്തിൽ ബിജെപി

ഓരോ ദിവസവും പുതിയ കൊവിഡ് രോഗികൾ 6000 എന്ന സംഖ്യയിലെത്തുമ്പോൾ പ്രതിരോധ നടപടികൾ പാളുന്നു. ഇത് അവസരമാക്കി രാഷ്ട്രീയനീക്കം സജീവമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

opposition start fight against central government over covid
Author
Delhi, First Published May 23, 2020, 8:53 AM IST

ദില്ലി: അറുപത് ദിവസത്തെ ഇടവേളയ്ക്കു ശേഷം കേന്ദ്രസർക്കാരിനോടുള്ള സഹകരണം അവസാനിപ്പിച്ച് രാഷ്ട്രീയനീക്കം ശക്തമാക്കുകയാണ് പ്രതിപക്ഷം. കൊവിഡ് രോ​ഗപ്രതിരോധത്തിൽ സർക്കാർ തിരിച്ചടി നേരിടുന്നു എന്നു കൂടി കണ്ടാണ് പ്രതിപക്ഷം ശബ്ദമുയർത്തുന്നത്.  

മാർച്ചിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു ഷഹീൻബാഗിലെ സമരം അവസാനിപ്പിക്കാനുള്ള പൊലീസ് നടപടി. അങ്ങനെ, സർക്കാരിനെ പ്രതിസന്ധിയിലാക്കിയ സമരങ്ങൾ കൊവിഡ് ഭീഷണിയോടെ അവസാനിച്ചു. ടീം ഇന്ത്യ എന്ന നിലയ്ക്ക് മുഖ്യമന്ത്രിമാരെ എല്ലാം ഒപ്പം നിർത്തിയായിരുന്നു തുടക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നീക്കം. ലോക്ക്ഡൗണിൻറെ തയ്യാറെടുപ്പ് ചോദ്യം ചെയ്യാനോ ഇതരസംസ്ഥാന തൊഴിലാളികളുടെ ദുരിതത്തിൽ ഇടപെടാനോ കഴിയാത്ത അവസ്ഥയിലായിരുന്നു അന്ന്  പ്രതിപക്ഷം. 

രണ്ടു മാസത്തിനിപ്പുറം പ്രതിപക്ഷം ശബ്ദം വീണ്ടെടുക്കുകയാണ്. തൊഴിലാളികൾ നടന്നു പോകുന്ന കാഴ്ചകളും അപകടങ്ങളും സർക്കാരിനെ ഉലയ്ക്കുന്നുണ്ട്. ഓരോ ദിവസവും പുതിയ കൊവിഡ് രോഗികൾ 6000 എന്ന സംഖ്യയിലെത്തുമ്പോൾ പ്രതിരോധ നടപടികൾ പാളുന്നു. ഇത് അവസരമാക്കി രാഷ്ട്രീയനീക്കം സജീവമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. 22 പാർട്ടികൾ ഒത്തു ചേർന്നപ്പോൾ എട്ട് സംസ്ഥാനസർക്കാരുകളുടെ കൂടി പങ്കാളിത്തമാണ് പ്രതിപക്ഷം ഉറപ്പാക്കിയത്. 

ഉത്തർപ്രദേശിൽ പ്രതിഷേധിച്ച കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനെ ജയിലിലടച്ച പശ്ചാത്തലത്തിൽ മൗനം ഉപേക്ഷിക്കാനാണ് പ്രതിപക്ഷത്തിന്റെ ധാരണ. എന്നാൽ, പ്രതിപക്ഷനിരയിൽ അനൈക്യം തുടരുന്നതിൻറെ ആശ്വാസത്തിലാണ് ബിജെപി.  ബിഎസ്പി, എസ്പി, എഎപി, ബിജെഡി, ടിആർഎസ് തുടങ്ങിയ പാർട്ടികളെ മാറ്റി നിറുത്തി പ്രതിപക്ഷ നിര ഭിന്നിപ്പിക്കുന്നതിൽ ബിജെപി വീണ്ടും വിജയിച്ചു. പാർലമെൻറ് സമ്മേളനവും ഒരു പക്ഷേ ബീഹാർ തെരഞ്ഞെടുപ്പും ഒക്കെ മാറ്റിവയ്ക്കാൻ ഈ അവസരം സർക്കാർ ഉപയോഗിച്ചേക്കും എന്ന ആശങ്കയും നിലപാട് കർശനമാക്കാൻ പ്രതിപക്ഷത്തെ പ്രേരിപ്പിക്കുന്നു.

Follow Us:
Download App:
  • android
  • ios