ഏഴു ദിവസത്തിനകം സാക്ഷ്യപത്രം നല്കിയില്ലെങ്കിൽ കള്ള ആരോപണങ്ങൾ ഉന്നയിച്ചതിന് രാഹുൽ ഗാന്ധി വോട്ടർമാരോട് മാപ്പു പറയണം എന്നാണ് ഗ്യാനേഷ് കുമാര്‍ ഇന്നലെ പറഞ്ഞത്
ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമമീഷണർ ഗ്യാനേഷ് കുമാർ ബിജെപിയുടെ പാവയും വക്താവുമായെന്ന് ആരോപിച്ച് ഇന്ത്യ സഖ്യം. ഇന്നലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ നടത്തിയത് പ്രതിപക്ഷത്തിനെതിരായ യുദ്ധപ്രഖ്യാപനമായിരുന്നെന്നും ഇന്ത്യ സഖ്യ നേതാക്കൾ സംയുക്ത വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ഗ്യാനേഷ് കുമാറിനെ നീക്കാൻ ഇംപീച്ച്മെൻറ് നോട്ടീസ് നല്കാൻ പ്രതിപക്ഷം നീക്കം തുടങ്ങിയിട്ടുണ്ട്.
ഏഴു ദിവസത്തിനകം സാക്ഷ്യപത്രം നല്കിയില്ലെങ്കിൽ കള്ള ആരോപണങ്ങൾ ഉന്നയിച്ചതിന് രാഹുൽ ഗാന്ധി വോട്ടർമാരോട് മാപ്പു പറയണം എന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടത്. ഗ്യാനേഷ് കുമാറിന് മറുപടി നല്കാൻ എട്ട് പ്രതിപഷ പാർട്ടികളുടെ നേതാക്കൾ ഇന്ന് സംയുക്ത വാർത്താസമ്മേളനം നടത്തിയിരുന്നു. പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നല്കാതെയും കള്ളം പറഞ്ഞും ഗ്യാനേഷ് കുമാർ പക്ഷം പിടിക്കുകയാണെന്നും മെഷീൻ റീഡബിൾ വോട്ടർ പട്ടിക നല്കരുതെന്ന് കോടതി പറഞ്ഞെന്ന വാദം തെറ്റാണെന്നും എംപിമാർ പറഞ്ഞു. ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെൻറ് നോട്ടീസ് അടക്കം എല്ലാ വഴികളും തേടുന്നുണ്ടെന്നും പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്.
ജഡ്ജിമാരെ ഇംപീച്ച് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യാനും പാലിക്കേണ്ടത്. പ്രമേയം ആദ്യം സ്പീക്കറോ രാജ്യസഭ അധ്യക്ഷനോ അംഗീകരിക്കേണ്ടതുണ്ട്. പിന്നീട് ഹാജരാകുന്നവരിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിൻറെ വോട്ടോടെ ഇരു സഭകളും പ്രമേയം പാസാക്കണം. ഇതിന് സാധ്യതയില്ലെന്നിരിക്കെ കമ്മീഷനിലുള്ള അവിശ്വാസം പ്രകടിപ്പിക്കാനാണ് പ്രതിപക്ഷ നീക്കം. എസ്ഐആറിനെ ചൊല്ലിയുള്ള ബഹളത്തിൽ രണ്ടു സഭകളിലും ഇന്നും പ്രതിപക്ഷം പ്രതിഷേധം നടത്തിയിരുന്നു. സ്പീക്കറുടെ ഡെസ്കിൽ പ്രതിപക്ഷം അടിച്ച് ശബ്ദമുണ്ടാക്കിയപ്പോൾ പൊതുമുതൽ നശിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഓം ബിർള മുന്നറിയിപ്പ് നല്കുകയും ചെയ്തു.

