പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം ചർച്ചയാവശ്യപ്പെട്ട് നോട്ടിസ് നൽകി. ട്രം
ദില്ലി : ഇന്ത്യൻ ഉത്പ്പന്നങ്ങൾക്ക് മേൽ 25 ശതമാനം തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിക്ക് പിന്നാലെ ഇന്ത്യയിലും രാഷ്ട്രീയ വിവാദങ്ങൾ കനക്കുകയാണ്. പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം ചർച്ചയാവശ്യപ്പെട്ട് നോട്ടീസ് നൽകി. ട്രംപിന്റെ നടപടി മോദി സർക്കാരിന്റെ വിദേശനയത്തിലെ വീഴ്ചയെന്ന പ്രതിപക്ഷ ആരോപണത്തെ പ്രതിരോധിക്കാൻ സർക്കാർ നീക്കം തുടങ്ങി. വ്യാപാര കരാറിൽ അന്തിമ തീരുമാനമായില്ലെന്ന വാദം ആവർത്തിച്ച വാണിജ്യമന്ത്രി പിയൂഷ് ഗോയൽ, ചർച്ചകൾ തുടരുന്നുവെന്നും വ്യക്തമാക്കി.
പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച 25 ശതമാനം തീരുവ ഇന്ന് നിലവിൽ വരാനിരിക്കെ അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ് ഇന്ത്യ. ദേശീയ താല്പര്യം മുറുകെ പിടിക്കുമെന്നറിയിച്ച ഇന്ത്യ തല്ക്കാലം ഡോണൾഡ് ട്രംപ് ഉന്നയിക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കില്ലെന്ന നിലപാടിലാണ്.
കാർഷിക , ക്ഷീര ഉത്പന്നങ്ങൾക്ക് തീരുവ കുറയ്ക്കണം എന്നാണ് ട്രംപിൻറെ പ്രധാന ആവശ്യം. ഇന്ത്യ തന്ത്രപ്രധാന പങ്കാളിയാണെങ്കിലും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് യുഎസ് ഇന്ത്യ ബന്ധത്തിൽ കല്ലുകടിയാകുന്നുവെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പ്രസിഡന്റ് ട്രംപും വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ പ്രസിഡൻറ് ട്രംപ് തൻറെ നിരാശയാണ് വ്യക്തമാക്കിയതെന്നും മാർക്കോ റൂബിയോ അറിയിച്ചു. ഇന്ത്യ പാകിസ്ഥാൻ സംഘർഷം തീർത്തത് ഡോണൾഡ് ട്രംപാണെന്ന് വൈറ്റ് ഹൗസ് വക്താവ് കാരലിൻ ലെവിറ്റ് വീണ്ടും അവകാശപ്പെട്ടു.


