ക്യാമ്പസിനകം പോലും സുരക്ഷിതമല്ല എന്നത് ഭയപ്പെടുത്തുകയാണ്. അതിക്രമത്തിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ട്. ഇടപെട്ടില്ലെന്നും പൊലീസിന്‍റെ അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്നും വിദ്യാർഥികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
ദില്ലി: സൗത്ത് ഏഷ്യൻ സർവകലാശാലയിലെ പീഡന പരാതിയിൽ എങ്ങുമെത്താതെ അന്വേഷണം. ഇതുവരെ 100 പേരെ ചോദ്യം ചെയ്തതായി പൊലീസ് വ്യക്തമായി. ഇതിൽ 68 പേർ ക്യാമ്പസിലുള്ളവരാണെന്നും പൊലീസ് അറിയിച്ചു. സുരക്ഷാ ജീവനക്കാരെ ഉൾപ്പെടെ ചോദ്യം ചെയ്തെന്നും പെൺകുട്ടി നടന്നു പോകുന്ന സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെ ലഭിച്ചെന്നും പൊലീസ് വിവരിച്ചു. എന്നാൽ അക്രമികളെ കുറിച്ച് ഇതിൽ സൂചനയൊന്നും കിട്ടിയിട്ടില്ല. പെൺകുട്ടിക്ക് ലഭിച്ചതായി പറയുന്ന ഇ മെയിലുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളെ പിടികൂടാനാകാതെ ഇരുട്ടിൽ തപ്പിയുള്ള ദില്ലി പൊലീസിന്‍റെ അന്വേഷണത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
പ്രതിഷേധം ശക്തം
ദില്ലിയിൽ കുത്തബ് മിനാറിനടുത്ത് ഛത്തർപൂരിലെ ക്യാമ്പസിനുള്ളിൽ പതിനെട്ട് വയസുള്ള ഒന്നാം വർഷ ബിടെക് വിദ്യാർത്ഥിനിക്ക് നേരെയാണ് അതിക്രമം നടന്നത്. സംഭവം നടന്ന് 3 ദിവസമായിട്ടും പ്രതികളെ പൊലീസ് പിടികൂടാത്തതിൽ വിദ്യാർഥികൾ കടുത്ത പ്രതിഷേധത്തിലാണ്. ക്യാമ്പസിലെ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അതിക്രമത്തിൽ നടപടി ആവശ്യപ്പെട്ട് വിദ്യാർത്ഥികളുടെ പ്രതിഷേധം തുടരുകയാണ്. ഇതിനിടെ സംഭവത്തിൽ സ്വമേധയാ കേസ് എടുത്ത് ദേശീയ വനിത കമ്മീഷൻ പൊലീസിനോട് റിപ്പോർട്ട് തേടി.
വലിയ ഭയമെന്ന് വിദ്യാർഥികൾ
പെൺകുട്ടിക്കെതിരായ അതിക്രമം വലിയ ഞെട്ടലാണ് ക്യാമ്പസിലെ വിദ്യാർത്ഥികളിൽ സൃഷ്ടിച്ചിരിക്കുന്നത്. ഭയത്തോടെയാണ് ക്യാമ്പസിൽ കഴിയുന്നതെന്നാണ് മലയാളി വിദ്യാർത്ഥികളടക്കം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. ക്യാമ്പസിനകം പോലും സുരക്ഷിതമല്ല എന്നത് ഭയപ്പെടുത്തുകയാണ്. അതിക്രമത്തിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ട്. സർവ്വകലാശാല അധികൃതർ തുടക്കത്തിൽ കാര്യക്ഷമമായി ഇടപെട്ടില്ലെന്നും പൊലീസിന്‍റെ അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്നും വിദ്യാർഥികൾ ഏഷ്യാനെറ്റ് ന്യൂസിനോട് വിവരിച്ചു. പരാതി പറഞ്ഞപ്പോൾ ഇരയായ പെൺകുട്ടിയെ അധിക്ഷേപിച്ച വാർഡനേയും കെയർടേക്കറേയും പിരിച്ചുവിടണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. ആക്രമികളിൽ സുരക്ഷാ ജീവനക്കാരനും വിദ്യാർഥികളായ രണ്ട് പേരും ഒരു മധ്യവയസ്കനും ഉൾപ്പെടുന്നതായി ഇരയായ പെൺകുട്ടി മൊഴിനൽകിയെന്നാണ് വിവരം. പെൺകുട്ടിക്ക് ഒപ്പമാണെന്നും എല്ലാ പിന്തുണയും നൽകിയെന്നുമാണ് സർവകലാശാല അധികൃതരുടെ വിശദീകരണം. മാധ്യമങ്ങളെ ബലമായി ക്യാംപസിൽ നിന്ന് പുറത്താക്കിയതും പ്രതിഷേധത്തിനിടയാക്കുകയാണ്. വിദേശകാര്യമന്ത്രാലയത്തിന്‍റെ മേൽനോട്ടത്തിലാണ് സൗത്ത് ഏഷ്യൻ സർവ്വകലാശാല ക്യാംപസ് പ്രവർത്തിക്കുന്നത്.


