ധാമാത്രി: അന്ധവിശ്വാസങ്ങളുടെ പുറത്ത് എന്തും ചെയ്യാന്‍ തയ്യാറാവുന്ന ആളുകളുടെ ദൃശ്യങ്ങള്‍ പലപ്പോഴായി പുറത്ത് വന്നിട്ടുണ്ട്. അത്തരത്തിലൊരു ദൃശ്യമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. നിലത്ത് കമിഴ്ന്ന് കിടക്കുന്ന സ്ത്രീകളുടെ മുകളിലൂടെ നടക്കുന്ന പൂജാരിമാരുടെ ദൃശ്യങ്ങളാണ് വൈറലായിട്ടുള്ളത്. 

ഛത്തീസ്ഗഡില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. കുട്ടികള്‍ ഉണ്ടാവുന്നതിന് വേണ്ടിയുള്ളതാണ് ഈ വിചിത്രമായ ആചാരം. വിവാഹിതരായ 200ഓളം സ്ത്രീകളുടെ ശരീരത്തിന് മുകളിലൂടെയാണ് പൂജാരിമാരുടെ സംഘം നടക്കുന്നത്. ഛത്തീസ്ഗഡിലെ ധാമാത്രി ജില്ലയിലാണ് സംഭവം. പൂജാരിമാര്‍ ശരീരത്തിലൂടെ നടക്കുന്നത് മൂലം അനുഗ്രഹമുണ്ടാവുമെന്നും ഗര്‍ഭിണിയാകുമെന്നുമാണ് ഇവിടുത്തെ വിശ്വാസം. 

ദീപാവലിക്ക് പിന്നാലെ നടക്കുന്ന മാതായ് മേളയിലാണ് ഈ ആചാരമുള്ളത്. ദീപാവലിക്ക് ശേഷം വരുന്ന ആദ്യത്തെ വെള്ളിയാഴ്ചയാണ് ഈ അചാരം നടക്കുന്നത്. ആയിരക്കണക്കിന് പേരാണ് ഈ ചടങ്ങുകളുടെ ഭാഗമാകാന്‍ എത്തുന്നത്. ഈ ആചാരങ്ങളില്‍ ഭാഗമാകുന്നതില്‍ ഭൂരിഭാഗം പേരും ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നാണ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊവിഡ് പ്രൊട്ടോക്കോള്‍ പാലിക്കാതെയാണ് ചടങ്ങ് നടക്കുന്നത് എന്ന് ദൃശ്യങ്ങളില്‍ കാണാം. മാസ്ക് ധാരികളായ പൊലീസുകാരും ചടങ്ങുകളില്‍ കാണാന്‍ സാധിക്കും. 

അഞ്ഞൂറിലേറെ വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് ഈ മാതായ് മേളയെന്നാണ് റിപ്പോര്‍ട്ട്. ആദിശക്തി മാ അങ്കാരമൂര്‍ത്തി ട്രസ്റ്റാണ് ഈ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. മഹാമാരിക്കിടെ ഈ ചടങ്ങ് നടത്താന്‍ അനുമതി നല്‍കിയ ജില്ലാ ഭരണകൂടത്തിനെതിരേ പ്രതിഷേധം ശക്തമാണ്.