ദില്ലി: ജനസംഖ്യ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി കുടുംബത്തിലെ മൂന്നാമത്തെ കുട്ടിക്ക് വോട്ടവകാശം നിഷേധിക്കണമെന്ന യോഗാ ഗുരു  ബാബാ രാംദേവിന്‍റെ നിര്‍ദ്ദേശത്തിനെതിരെ വിമര്‍ശനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. കുടുംബത്തിലെ മൂന്നാമത്തെ കുട്ടിയായിരുന്നത് കൊണ്ട് മോദിക്ക് വോട്ടവകാശം നഷ്ടമായില്ലെന്ന് ഒവൈസി പറഞ്ഞു. 

ട്വിറ്ററിലൂടെയാണ് ഒവൈസി ബാബാ രാംദേവിനെ പരിഹസിച്ചത്. ഭരണഘടനാ വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നതില്‍ നിന്ന് ആളുകളെ വിലക്കുന്ന യാതൊരു നിയമവും ഇന്ത്യയില്‍ ഇല്ലെന്നും രാംദേവിന്‍റെ നിര്‍ദ്ദേശങ്ങള്‍ക്ക് എന്തിനാണ് ആവശ്യമില്ലാതെ ശ്രദ്ധ നല്‍കുന്നതെന്നും ഒവൈസി ചോദിച്ചു. 'ബാബാ രാംദേവിന് യോഗാഭ്യാസ പ്രകടനങ്ങള്‍ നടത്താനാകും എന്നതുകൊണ്ട് മൂന്നാമത്തെ കുട്ടിയായ മോദിക്ക് വോട്ട് ചെയ്യാന്‍ അവകാശമില്ലെന്ന് പറയാന്‍ പറ്റില്ലല്ലോ'- ഒവൈസി കൂട്ടിച്ചേര്‍ത്തു. 

അടുത്ത 50 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ജനസംഖ്യ 150 കോടിയില്‍ കൂടാന്‍ പാടില്ല. അതിലധികം താങ്ങാനുള്ള കരുത്തോ മുന്‍കരുതലോ രാജ്യത്തിനില്ല. മൂന്നാമത്തെ കുട്ടിക്ക്‌ വോട്ടവകാശമോ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവസരമോ സര്‍ക്കാര്‍ ആനുകൂല്യങ്ങളോ ഒന്നും ലഭ്യമാകില്ല എന്ന തരത്തില്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്നായിരുന്നു രാംദേവിന്‍റെ നിര്‍ദ്ദേശം.