ദില്ലി: കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡിക്കെതിരെ വിമർശനവുമായി എഐഎംഐഎം നേതാവ് അസദ്ദുദീന്‍ ഒവൈസി. ഹൈദരാബാദിൽ തന്നെ നിൽക്കാതെ ദില്ലിയിൽ ചെന്ന് അദ്ദേഹം സ്ഥിതി​ഗതികൾ വിലയിരുത്തണമെന്ന് ഒവൈസി ആവശ്യപ്പെട്ടു.

”കിഷന്‍ റെഡ്ഡി ദില്ലിയിലേക്ക് തിരിച്ചുപോകണം. എന്തിനാണ് അദ്ദേഹം ഹൈദരാബാദിൽ നിൽക്കുന്നത്.  ദില്ലിയിലേക്ക് തിരിച്ചുപോയി സ്ഥിതി​ഗതികൾ നിയന്ത്രിക്കണം. ദില്ലിയിലെ തീ അദ്ദേഹം കെടുത്തണം. ഇതിനോടകം അവിടെ ഏഴ് ആളുകള്‍ മരിച്ചു,”അസദ്ദുദീന്‍ ഒവൈസി പറഞ്ഞു. ദില്ലിയിൽ ഇപ്പോള്‍ നടക്കുന്ന സംഭവത്തെ വര്‍ഗീയ കലാപമായി മാത്രം കാണാന്‍ പറ്റില്ലെന്നും ഒവൈസി കൂട്ടിച്ചേർത്തു.

”ഇതിനെ ഒരു വര്‍ഗീയ കലാപമായി മാത്രം കാണാന്‍ കഴിയില്ല. ബിജെപി നേതാവായ ഒരു മുന്‍ എംഎല്‍എയെക്കൊണ്ടാണ് ഇത് സംഭവിച്ചത്. എന്തുകൊണ്ടാണ് സര്‍ക്കാര്‍ മൗനംപാലിക്കുന്നത്?” ഒവൈസി ചോദിച്ചു.

ദില്ലിയിലെ അക്രമത്തില്‍ പൊലീസ് അക്രമകാരികളുടെ പക്ഷത്താണെന്ന് പറഞ്ഞ ഒവൈസിക്കെതിരെ കിഷന്‍ റെഡ്ഡി നേരത്തെ രംഗത്തെത്തിയിരുന്നു.  ഒവൈസി ഇതിന് മുന്‍പും ഇത്തരത്തിലുള്ള വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെന്നായിരുന്നു റെഡ്ഡി പറഞ്ഞത്.

ദില്ലിയിലെ അക്രമത്തില്‍ ബിജെപി നേതാവ് കപില്‍ മിശ്രയേയും മോദിയേയും വിമര്‍ശിച്ച് നേരത്തേയും ഒവൈസി രംഗത്തെത്തിയിരുന്നു.‘ പ്രധാനമന്ത്രി മോദി, ഞങ്ങള്‍ക്ക് നിങ്ങളോട് ഒന്നേ പറായാനുള്ളൂ, നിങ്ങളുടെ തോട്ടത്തില്‍ നിങ്ങള്‍ വളര്‍ത്തുന്ന പാമ്പുകള്‍ നിങ്ങളെത്തന്നെ തിരിഞ്ഞ് കൊത്തും” എന്നായിരുന്നു ഒവൈസി പറഞ്ഞത്.