ദില്ലി: അസദ്ദുദീന്‍ ഒവൈസി വരെ ഹനുമാന്‍ സ്ത്രോത്രം പാടുമെന്ന് ബിജെപി നേതാവ് കപില്‍ മിശ്ര. ഭൂരിപക്ഷമായ നമ്മള്‍ ഒരുമിച്ച് നിന്നാല്‍ അരവിന്ദ് കെജ്‍രിവാള്‍ മാത്രമല്ല അസദ്ദുദീന്‍ ഒവൈസി വരെ ഹനുമാന്‍ ഭജന പാടുമെന്നായിരുന്നു കപില്‍ മിശ്ര പറഞ്ഞത്. ഒരു അഭിമുഖത്തില്‍ അരവിന്ദ് കേജ്‍രിവാള്‍ ഹനുമാന്‍ സ്ത്രോത്രം ആലപിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു കപില്‍ മിശ്ര. 

ഇതാണ് ഒരുമയുടെ ശക്തി. നമ്മള്‍ ഒരുമിച്ച് ഒരു ശക്തിക്ക് വേണ്ടി വോട്ട് ചെയ്യണം. നമ്മുടെ ഐക്യം വോട്ടുബാങ്കിന്‍റെ 20 ശതമാനം ഇവിടെ ചെയ്ത വൃത്തികേടുകള്‍ക്ക് കല്ലറ പണിയുമെന്നും കപില്‍ മിശ്ര ട്വീറ്റില്‍ വിശദമാക്കി.  വിദ്വേഷപരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ നേരത്ത തെരഞ്ഞെടുപ്പ് കമ്മീഷന്‍ കപില്‍ മിശ്രയുടെ ദില്ലി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്  48 മണിക്കൂര്‍ വിലക്ക് പ്രഖ്യാപിച്ചിരുന്നു. ദില്ലി തെരഞ്ഞെടുപ്പിനെ ഇന്ത്യ പാകിസ്ഥാന്‍ യുദ്ധത്തിന് സമാനമാണെന്ന പരാമര്‍ശത്തിനെ തുടര്‍ന്നായിരുന്നു വിലക്ക്. ദില്ലി തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാന മണിക്കൂറുകളിലേക്ക് എത്തുമ്പോള്‍ വാക് പോര് കടുപ്പിച്ചിരിക്കുകയാണ് ബിജെപി. 

നേരത്തെ ദില്ലിയില്‍ വഞ്ചകരെ വെടിവക്കണമെന്ന അനുരാഗ് ഠാക്കൂറിന്‍റെ പരാമര്‍ശം വന്‍ വിവാദങ്ങളിലേക്ക് വഴി തെളിച്ചിരുന്നു. പരാമര്‍ശം വിവാദമായതോടെ അനുരാഗ് ഠാക്കൂറിനെ താരപ്രചാരകനെന്ന നിലയില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റിയിരുന്നു. നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിദ്വേഷ പ്രചാരണത്തിന്‍റെ പേരില്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിലക്കണമെന്ന ആവശ്യവുമായി എഎപി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു.