നിലവിൽ രണ്ട് ആംബുലൻസുകൾ ഓക്സിജനുമായി ന​ഗരത്തിലുടനീളം സഞ്ചരിക്കുന്നുണ്ട്. കൊവിഡ് പോസിറ്റീവായ രോ​ഗികൾക്ക് ഓക്സിജൻ ആവശ്യമാണെന്ന് അറിയിപ്പ് ലഭിച്ചാൽ അവരുടെ വീടുകളിൽ എത്തിച്ചു നൽകും. 

കൊൽക്കത്ത: കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പല സംസ്ഥാനങ്ങളും ​ഗുരുതരമായ ഓക്സിജൻ ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കൊവിഡ് പോസിറ്റീവായ രോ​ഗികൾക്ക് അവരുടെ വീടുകളിൽ ഓക്സിജൻ എത്തിക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കുകയാണ് പശ്ചിമബം​ഗാളിലെ സർക്കാരിതര സംഘടനയായ ലിവർ ഫൗണ്ടേഷൻ. 'ഓക്സിജൻ ഓൺ വീൽസ്' എന്ന് പേരിട്ടിരിക്കുന്ന ഈ സംരംഭം പശ്ചിമബം​ഗാളിലെ ആരോ​ഗ്യവകുപ്പുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. രണ്ട് ആംബുലൻസുകളിലായി സംഭരിച്ചിരിക്കുന്ന ഓക്സിജൻ ആവശ്യമുള്ള കൊവിഡ് രോ​ഗികളുടെ വീടുകളിൽ എത്തിച്ചു നൽകും. 

''നിലവിൽ രണ്ട് ആംബുലൻസുകൾ ഓക്സിജനുമായി ന​ഗരത്തിലുടനീളം സഞ്ചരിക്കുന്നുണ്ട്. കൊവിഡ് പോസിറ്റീവായ രോ​ഗികൾക്ക് ഓക്സിജൻ ആവശ്യമാണെന്ന് അറിയിപ്പ് ലഭിച്ചാൽ അവരുടെ വീടുകളിൽ എത്തിച്ചു നൽകും.'' ലിവർ ഫൗണ്ടേഷൻ അം​ഗം പാർത്ഥ മുഖർജി വ്യക്തമാക്കി. കൊൽക്കത്തയിലെ നോർത്തേൺ അവന്യൂ പ്രദേശത്ത് ഓക്സിജൻ നൽകാൻ പോയ ആംബുലൻസിനെ പിന്തുടർന്നതായി ഇന്ത്യ ടുഡേ ടിവി റിപ്പോർട്ട് ചെയ്യുന്നു. മൂന്നു പേരടങ്ങിയ സംഘമാണ് ഓക്സിജൻ വിതരണം ചെയ്യുന്നത്. 

''ഞങ്ങൾക്ക് നിരവധി കോളുകളാണ് ഒരു ദിവസം ലഭിക്കുന്നത്. എന്നാൽ എല്ലായിടത്തും എത്തിച്ചേരുക എന്നത് പ്രായോ​ഗികമല്ല. പക്ഷേ ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്. രോ​ഗിക്ക് കിടക്ക ലഭിക്കുന്നത് വരെ പെട്ടെന്നുള്ള ആശ്വാസം നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. 24 മണിക്കൂർ ജോലി ചെയ്താലും ഞങ്ങൾക്ക് പരിമിതികളുണ്ട്. ചില ​രോ​ഗികൾ പരിഭ്രാന്തിയുള്ളവരാണ്. അത് നിരീക്ഷിച്ച് സാധ്യമായ എല്ലാ സഹായങ്ങളും അവർക്ക് നൽകും.'' സംഘത്തെ നയിക്കുന്ന ദീപേഷ് പറഞ്ഞു. 

മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ലഭിക്കുന്നത് വരെ രോ​ഗികൾക്ക് പ്രാഥമിക ചികിത്സ ഉറപ്പാക്കുക എന്നതാണ് ലിവർ ഫൗണ്ടേഷന്റെ ലക്ഷ്യം. വരും ദിവസങ്ങളിൽ സിലി​ഗുരിയിലും കൊൽക്കത്തയിലെ മറ്റ് ന​ഗരങ്ങളിലും സമാനരീതിയിലുള്ള സേവനങ്ങൾ നടപ്പിൽ വരുത്താൻ ശ്രമിക്കുകയാണെന്നും ലിവർ ഫൗണ്ടേഷൻ വ്യക്തമാക്കി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona