വീട്ടുതടങ്കലിലായ ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ ട്വിറ്ററും ഇപ്പോള്‍ സക്രിയമാണ്. മകള്‍ ഇല്‍ത്തിജ മുഫ്തിയാണ് ട്വിറ്റര്‍ കൈകാര്യം ചെയ്യുന്നത്.
ദില്ലി: ഐഎന്‍എക്സ് മീഡിയാ കേസില്‍ അറസ്റ്റിലായ പി ചിദംബരം ജയിലിലാണെങ്കിലും അദ്ദേഹത്തിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് ഇപ്പോഴും ആക്ടീവാണ്. ഓഗസ്റ്റ് 21 ന് അറസ്റ്റിലായ മുന്‍ ധനകാര്യമന്ത്രികൂടിയായ ചിദംബരത്തിന്‍റെ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് കുടുംബമാണ്. 'എനിക്ക് പകരമായി എന്‍റെ കുടുംബത്തോട് എനിക്ക് വേണ്ടി ട്വീറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയാണ്' എന്ന കുറിപ്പോടെയാണ് ഇപ്പോള്‍ അദ്ദേഹത്തിന്‍റെ ട്വിറ്ററില്‍ ട്വീറ്റുകള്‍ പ്രത്യക്ഷപ്പെടുന്നത്.
ഓഗസ്റ്റ് 21 നാണ് ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നത്. ആദ്യം സിബിഐ കസ്റ്റഡിയിലെടുത്ത അദ്ദേഹത്തെ പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അറസ്റ്റിനുശേഷം സെപ്തംബര്‍ എട്ട് മുതല്‍ അദ്ദേഹത്തിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് ആക്ടീവാണ്.
നിലവില്‍ രാജ്യം നേരിടുന്ന പ്രശ്നങ്ങളിലെ ചിദംബരത്തിന്‍റെ നിലപാടുകളും കാഴ്ചപ്പാടുകളുമാണ് ട്വിറ്ററിലൂടെ ബന്ധുക്കള്‍ ഷെയര്‍ ചെയ്യുന്നത്. ഹിന്ദി ഭാഷയുമായി ബന്ധപ്പെട്ട നിലപാടുകളും ട്വീറ്റായി എത്തിയിരുന്നു. രാജ്യത്തിന്‍റെ സാമ്പത്തികനിലയിലുള്ള ആശങ്കയും മുന്‍ധനകാര്യമന്ത്രിയായ ചിദംബരത്തിന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ട്വീറ്റ് ചെയ്തിരുന്നു.
ചിദംബരത്തിന്‍റേതുമാത്രമല്ല, അറസ്റ്റിലായ മറ്റ് രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരുടെയും ട്വിറ്റര്‍ അ്കൗണ്ടുകള്‍ ഇത്തരത്തില്‍ അടുത്തവൃത്തങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. കശ്മീരിന്‍റെ പ്രത്യേകപദവി എടുത്തുകളഞ്ഞ ബില്‍ പാസാക്കുന്നതിന് മുന്നോടിയായി വീട്ടുതടങ്കലിലായ ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ ട്വിറ്ററും ഇപ്പോള്‍ സക്രിയമാണ്. മകള്‍ ഇല്‍ത്തിജ മുഫ്തിയാണ് ട്വിറ്റര്‍ കൈകാര്യം ചെയ്യുന്നത്. 46 ദിവസങ്ങള്‍ക്കുശേഷമാണ് അക്കൗണ്ട് ആക്ടീവാകുന്നത്.
അനുവാദത്തോടെ താനാണ് മെഹ്ബൂബയുടെ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതെന്ന് ഇല്‍തിജ തന്നെ അറിയിക്കുകയായിരുന്നു. ഈ മാസം ആദ്യം മെഹ്ബൂബയെ കാണാന്‍ സുപ്രീംകോടതി ഇല്‍ത്തിജയ്ക്ക് അനുമതി നല്‍കിയതിനുശേഷമായിരുന്നു ഇത്.
2017 ഡിസംബറില്‍ അറസ്റ്റിലായതിന് രണ്ട് ദിവസത്തിനുശേഷം ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലലു പ്രസാദ് യാദവിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് അദ്ദേഹത്തിന്‍റെ ഓഫീസ് ഏറ്റെടുത്തിരുന്നു. കുടുംബത്തിന്‍റെ അനുമതിയോടെയാണ് അക്കൗണ്ട് ഏറ്റെടുത്തതെന്ന് ട്വീറ്റിലൂടെ അറിയിച്ചുകൊണ്ടായിരുന്നു ഇത്.
രാഷ്ട്രീയക്കാര്‍ മാത്രമല്ല, അറസ്റ്റിലായ മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന്‍റെ ട്വിറ്ററും ഫേസ്ബുക്കും കൈകാര്യം ചെയ്യുന്നത് ഭാര്യ ശ്വേത ഭട്ടാണ്. ഓഗസ്റ്റ് 2ന് സഞ്ജീവ് കുടുംബത്തിനെഴുതിയ വൈകാരികമായ കത്ത് ശ്വേത അദ്ദേഹത്തിന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. ഭാര്യയ്ക്കും മക്കള്‍ക്കും നന്ദി പറഞ്ഞുകൊണ്ടുള്ളതായിരുന്നു ആ കത്ത്. 30 വര്‍ഷം മുമ്പുള്ള കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ സജ്ഞീവ് ഭട്ടിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുകയാണ്.
